ഗുരുവായൂരില്‍ ലീഗ് സ്ഥാനാര്‍ഥി കെഎന്‍എ ഖാദര്‍ വിജയിക്കണമെന്നും തലശ്ശേരിയില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ഥി എ എന്‍ ഷംസീര്‍ തോല്‍ക്കണമെന്നും ബിജെപി സ്ഥാനാര്‍ഥി കൂടിയായ സുരേഷ് ഗോപി പറഞ്ഞത് വെറുമൊരു നാക്ക് പിഴയല്ലെന്ന് മുഖ്യമന്ത്രി
കണ്ണൂര്‍ : ഗുരുവായൂരില്‍ ലീഗ് സ്ഥാനാര്‍ഥി കെഎന്‍എ ഖാദര്‍ വിജയിക്കണമെന്നും തലശ്ശേരിയില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ഥി എ എന്‍ ഷംസീര്‍ തോല്‍ക്കണമെന്നും ബിജെപി സ്ഥാനാര്‍ഥി കൂടിയായ സുരേഷ് ഗോപി പറഞ്ഞത് വെറുമൊരു നാക്ക് പിഴയല്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഇത് ബിജെപിയും കോണ്‍ഗ്രസും ലീഗും യുഡിഎഫും തമ്മിലുള്ള ഡീലിന്റെ വെളിപ്പെടുത്തലാണെന്നും കണ്ണൂരില്‍ വാര്‍ത്താ സമ്മേളനത്തില്‍ മുഖ്യമന്ത്രി പറഞ്ഞു.
എന്നാല്‍ മുസ്ലീം ലീഗ് സ്ഥാനാര്‍ത്ഥി കെഎന്‍എ ഖാദര്‍ ജയിച്ചുവരണമെന്ന് ബിജെപി പരസ്യമായി പറയുന്നത് ലീഗിന്റെയോ കോണ്‍ ഗ്രസിന്റേയോ യുഡിഎഫിന്റേയോ ഗുണത്തിനാണെന്ന് കരുതേണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.
ഇരുത്തം വന്ന രാഷ്ട്രീയക്കാരനല്ല സുരേഷ്ഗോപി. എന്നാല്‍ ബിജെപിയുടെ പ്രധാനിയാണ്. പരസ്യമായി ഇത്തരം രഹസ്യങ്ങള്‍ വിളിച്ചു പറയാന്‍ മറ്റ് ബിജെപി നേതാക്കള്‍ തയ്യാറാകില്ല. അത്രത്തോളം ജാഗ്രത പാലിക്കാന്‍ ഇദ്ദേഹത്തിന് കഴിഞ്ഞില്ല. തെരഞ്ഞെടുപ്പില്‍ ബിജെപി സ്വീകരിക്കുന്ന നിലപാട് അങ്ങോട്ട് തുറന്നുപറഞ്ഞു. നേരത്തെ ഒ രാജഗോപാല്‍ പറഞ്ഞത് പ്രാദേശികമായി ഇത്തരം നീക്കുപോക്കുകള്‍ ഉണ്ടെന്നും അതിന്റെ ഗുണം ബിജെപിക്കാണ് എന്നുമാണ്. ഒരു ഡീല്‍ ഉറപ്പിക്കുമ്പോള്‍ ബിജെപി അവരുടെ ഗുണം ഉറപ്പാക്കുന്നുണ്ട്. നേമം അതിന് തെളിവാണെന്ന് മുഖ്യമന്ത്രി പറഞ്ഞു.












