ഫെഡ്എക്‌സ് യൂണിറ്റിലുണ്ടായ വെടിവയ്പ്പില്‍ കൊല്ലപ്പെട്ട നാല് സിഖുകാരില്‍ മൂന്നു പേര്‍ സ്ത്രീകള്‍. വിസ്‌കോണ്‍സിനില്‍ ഓക് ക്രീക് ഗുരുദ്വാരയിലുണ്ടായ വെടിവയ്പ്പിനു ശേഷം സിഖുകാര്‍ക്കെതിരേ യുഎസില്‍ ഉണ്ടാകുന്ന ഏറ്റവും വലിയ ആക്രമണമാണിത്. ഗുരുദ്വാര ആക്രമണത്തില്‍ ഏഴു പേര്‍ കൊല്ലപ്പെട്ടിരുന്നു.
വാഷിങ്ടണ്‍: യുഎസ് സംസ്ഥാനാമായ ഇന്‍ഡ്യാനയിലെ ഫെഡ്എക്‌സ് യൂണിറ്റിലുണ്ടായ വെടിവയ്പ്പില്‍ കൊല്ലപ്പെട്ടവരില്‍ നാല് സിഖുകാരുണ്ടെന്ന് സ്ഥിരീകരിച്ചു. മരിച്ചവരില്‍ മൂന്നു പേര്‍ സ്ത്രീകളാണ്. അമര്‍ജീത് ജോഹല്‍ (66), ജസ്വീന്ദര്‍ കൗര്‍ (64), അമര്‍ജിത് എസ്‌ഖോണ്‍ (48), ജസ്വീന്ദര്‍ സിങ് (68) എന്നിവരാണ് വെടിവയ്പ്പില്‍ മരിച്ച സിഖുകാര്‍. ഇവരില്‍ ആദ്യ മൂന്നു പേരും സ്ത്രീകള്‍.
കൂട്ട വെടിവയ്പില്‍ ആകെ എട്ട് പേരാണ് മരിച്ചത്. അഞ്ച് പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തതായി റിപോര്‍ട്ടുകള്‍ പറയുന്നു. നിരവധി ഇന്ത്യന്‍ അമെരിക്കന്‍ ജീവനക്കാര്‍ ഈ യൂണിറ്റില്‍ ജോലിചെയ്യുന്നുണ്ട്. സംഭവത്തില്‍ ആശങ്ക പ്രകടിപ്പിച്ച സിഖ് സമൂഹം വംശീയ അതിക്രമങ്ങളും തോക്ക് ഉപയോഗിച്ചുള്ള അക്രമങ്ങളും അവസാനിപ്പിക്കാന്‍ നടപടി വേണമെന്ന് പ്രസിഡന്റ് ജോ ബൈഡനോട് ആവശ്യപ്പെട്ടു. 2012 ഓഗസ്റ്റ് അഞ്ചിന് വിസ്‌കോണ്‍സിനില്‍ ഓക് ക്രീക് ഗുരുദ്വാരയിലുണ്ടായ വെടിവയ്പ്പിനു ശേഷം സിഖുകാര്‍ക്കെതിരേ യുഎസില്‍ ഉണ്ടാകുന്ന ഏറ്റവും വലിയ ആക്രമണമാണിത്. ഗുരുദ്വാര ആക്രമണത്തില്‍ ഏഴു പേര്‍ കൊല്ലപ്പെട്ടിരുന്നു..
മുന്‍ ജീവനക്കാരനും പത്തൊമ്പതുകാരനുമായ ബ്രാന്‍ഡന്‍ സ്‌കോട്ട് ഹോള്‍ എന്നയാളാണ് തോക്കേന്തിയെത്തി വ്യാഴാഴ്ച രാത്രി നരഹത്യ നടത്തിയത്. ഇതിനുശേഷം ഇയാള്‍ ആത്മഹത്യ ചെയ്തതായും പറയുന്നു. 2020ല്‍ ഫെഡ്എക്‌സില്‍ ജോലിചെയ്തിരുന്നതാണ് ഇയാള്‍. മകന്‍ ആത്മഹത്യ ചെയ്യുമെന്ന് ആശങ്കയുണ്ടെന്ന് കഴിഞ്ഞവര്‍ഷം തന്നെ ഇയാളുടെ അമ്മ പൊലീസിനെ വിളിച്ച് അറിയിച്ചിരുന്നു. ഇതേത്തുടര്‍ന്ന് എഫ്ബിഐ ഉദ്യോഗസ്ഥര്‍ ഇയാളുമായി സംസാരിക്കുകയും ചെയ്തിരുന്നതാണ്.
പ്രമുഖ അമെരിക്കന്‍ ബഹുരാഷ്ട്ര ഡെലിവറി സര്‍വീസ് കമ്പനിയാണ് ഫെഡ്എക്‌സ്. ഇന്ത്യാനയിലെ യൂണിറ്റില്‍ 90 ശതമാനത്തോളം പേരും ഇന്ത്യന്‍-അമെരിക്കക്കാരാണെന്നാണു പറയുന്നത്. ഇതില്‍ ഏറെയും സിഖുകാരുമാണ്.