റിയാദ് : യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ ആദ്യ വിദേശ പര്യടനം സൗദി അറേബ്യയിലേക്ക്. മെയ് മാസത്തിൽ യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് സൗദി അറേബ്യ സന്ദർശിക്കുമെന്ന് വൈറ്റ് ഹൗസ് ചൊവ്വാഴ്ച സ്ഥിരീകരിച്ചു. രണ്ടാം തവണ പ്രസിഡന്റായതിന് ശേഷമുള്ള ട്രംപിന്റെ ആദ്യ വിദേശ യാത്രയായിരിക്കും സൗദിയിലേക്കുള്ള യാത്ര.മിഡിൽ ഈസ്റ്റ് യാത്രയിൽ യുഎഇ, ഖത്തർ എന്നിവിടങ്ങളിൽ സന്ദർശനങ്ങൾ ഉൾപ്പെടുമെന്നും വൈറ്റ്ഹൗസ് സൂചിപ്പിച്ചു. ട്രംപിന്റെ സൗദി അറേബ്യ സന്ദർശനം മെയ് പകുതിയോടെ നടക്കുമെന്ന് ആക്സിയോസ് നേരത്തെ റിപ്പോർട്ട് ചെയ്തിരുന്നു. ട്രംപിന്റെ ആദ്യ ടേമിലെ ആദ്യ വിദേശ യാത്രയും സൗദിയിലേക്കായിരുന്നു.യുഎസ്, റഷ്യ, യുക്രെയ്ൻ എന്നിവ ഉൾപ്പെടുന്ന സമാധാന ചർച്ചകളിൽ സൗദി അറേബ്യ നിർണായക പങ്ക് വഹിച്ചിട്ടുണ്ട്. യുക്രെയ്നിൽ വെടിനിർത്തൽ ചർച്ച ചെയ്യുന്നതിനായി അമേരിക്കൻ, റഷ്യൻ, യുക്രേനിയൻ ഉദ്യോഗസ്ഥർ തമ്മിൽ മൂന്ന് റൗണ്ട് ചർച്ചകൾക്ക് രാജ്യം ആതിഥേയത്വം വഹിച്ചു.











