മനാമ : യുഎസ് ഇറക്കുമതികൾക്ക് 10 ശതമാനം പകരം താരിഫ് ഏർപ്പെടുത്തണമെന്ന് ആവശ്യപ്പെടുന്ന അടിയന്തര നിർദേശം ബഹ്‌റൈൻ പാർലമെന്റ് നേരിയ വോട്ടിന് അംഗീകരിച്ചു. പിരിമുറുക്കവും കടുത്ത പോരാട്ടവും നടന്ന വോട്ടെടുപ്പിൽ, ഇരു രാജ്യങ്ങളും തമ്മിലുള്ള സ്വതന്ത്ര വ്യാപാര കരാറിലെ (എഫ്‌ടിഎ) പരസ്പര ബന്ധത്തിന്റെയും വ്യവസ്ഥകളുടെയും അടിസ്‌ഥാനത്തിൽ എംപിമാർ ഈ നീക്കത്തെ അനുകൂലിച്ചു. നാല് എംപിമാരുടെ പിന്തുണയോടെ രണ്ടാമത്തെ ഡെപ്യൂട്ടി സ്പീക്കർ എംപി അഹമ്മദ് ഖരാത്തയാണ് ഈ നിർദ്ദേശം മുന്നോട്ട് വച്ചത്.
ബഹ്‌റൈനിന്റെ പ്രധാന വ്യവസായത്തെയും വ്യാപാരത്തെയും ബാധിക്കുന്ന മേഖലകളിൽ, എഫ്‌ടിഎയുടെ ആവർത്തിച്ചുള്ള ലംഘനങ്ങൾക്ക് മറുപടി നൽകുക എന്നതാണ് ഈ ഭേദഗതികൊണ്ട് ലക്ഷ്യമിടുന്നത്. വളരെ നേരിയ ഭൂരിപക്ഷമുള്ള ഒരു വോട്ടെടുപ്പിൽ ഈ നിർദ്ദേശം വെറും രണ്ട് വോട്ടുകൾക്കാണ് വിജയിച്ചത്. വാഷിങ്ടനുമായുള്ള വ്യാപാര, രാഷ്ട്രീയ ബന്ധങ്ങളിൽ ഉണ്ടാകാവുന്ന പ്രത്യാഘാതങ്ങളെക്കുറിച്ചുള്ള വിശാലമായ ചർച്ചകൾ നടന്ന പ്രതിവാര സെഷനിൽ ഇതൊരു ലംഘനമല്ല എന്നും ഇത് ഞങ്ങളുടെ അവകാശമാണ്, എന്നുമാണ് ഖരാത്ത പറഞ്ഞത്.
ഇത് എഫ്‌ടിഎ ലംഘനമല്ലെന്നും അതിന്റെ ചട്ടക്കൂടിനുള്ളിൽ നിന്ന് ഞങ്ങൾ ഞങ്ങളുടെ അവകാശങ്ങൾ വിനിയോഗിക്കുകയാണ്. എന്നും അദ്ദേഹം പറഞ്ഞു. ഭേദഗതിക്കെതിരെ അന്യായമായ നടപടികൾ ഉണ്ടായാൽ പരസ്പര നടപടി സ്വീകരിക്കാൻ കരാറിന്റെ ആർട്ടിക്കിൾ 8 തങ്ങളെ അനുവദിക്കുന്നുണ്ടെന്നും രാജ്യത്തെ വ്യവസായങ്ങളെയും കയറ്റുമതിയെയും ദോഷകരമായി ബാധിക്കുന്ന നടപടികൾ യുഎസ് ഏർപ്പെടുത്തിയതിനെതിരെ തങ്ങൾക്ക് നിശബ്ദത പാലിക്കാൻ കഴിയില്ലെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
പാർലമെന്റിന്റെ സാമ്പത്തിക, സാമ്പത്തിക കാര്യ സമിതി ചെയർമാൻ എംപി അഹമ്മദ് അൽ സല്ലൂം ഈ നീക്കത്തെ ശക്തമായി എതിർത്തു, ഇത് യുഎസിൽ നിന്ന് ഇറക്കുമതി ചെയ്യുന്ന അവശ്യവസ്തുക്കളുടെ വില വർധനവിന് കാരണമാകുമെന്നും സാധാരണ ബഹ്‌റൈനികളെ ദോഷകരമായി ബാധിക്കുമെന്നും അദ്ദേഹം വാദിച്ചു.
യുഎസ് ഉൽപന്നങ്ങൾ പ്രത്യേകിച്ച് ഭക്ഷണം മുതൽ ഇലക്ട്രോണിക്സ് വരെ ബഹ്‌റൈൻ വിപണികളിൽ വലിയ സ്വാധീനമുള്ളവയാണ്. താരിഫ് ചുമത്തുന്നത് ചെലവ് വർധിപ്പിക്കുകയും അത് ഉപഭോക്താവിനെ ബാധിക്കുകയും ചെയ്യുമെന്നും അൽ സല്ലൂം പറഞ്ഞു. വിശ്വസനീയമായ ഒരു വ്യാപാര പങ്കാളിയെന്ന നിലയിൽ ബഹ്‌റൈനെ ഈ നിർദ്ദേശം ബാധിച്ചേക്കാമെന്ന ആശങ്കയും അദ്ദേഹം ഉന്നയിച്ചു.
