അബുദാബി : യുഎഇ ചേംബർ ഓഫ് കൊമേഴ്‌സിൽ ചേരുന്ന വിദേശ രാജ്യങ്ങളുടെ പട്ടികയിൽ ഇന്ത്യൻ നിക്ഷേപകരും ബിസിനസ് ഉടമകളുമാണ് ഒന്നാമതെന്ന് ഫെഡറേഷൻ ഓഫ് യുഎഇ ചേംബർ ഓഫ് കൊമേഴ്‌സ് ആൻഡ് ഇൻഡസ്ട്രി. 2025 ആദ്യ പാദത്തിന്റെ അവസാനത്തോടെ അംഗത്വം ഏകദേശം 225,000 കമ്പനികളായെന്നാണ് കണക്കുകൾ. യുഎഇയിലെ നിക്ഷേപ അന്തരീക്ഷത്തിന്റെ ആകർഷണീയതയാണ് ഈ കണക്ക് എടുത്തുകാണിക്കുന്നത്. യുഎഇയും ഇന്ത്യയും തമ്മിലുള്ള സമഗ്ര സാമ്പത്തിക പങ്കാളിത്ത കരാർ (സിഇപിഎ) ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം ശക്തിപ്പെടുത്തുന്നതിനും അവയെ ബഹുമുഖ പങ്കാളിത്തമാക്കി മാറ്റുന്നതിനും കാരണമായിട്ടുണ്ടെന്ന് യുഎഇ ചേംബർ സെക്രട്ടറി ജനറൽ ഹുമൈദ് മുഹമ്മദ് ബിൻ സലേം പറഞ്ഞു.2022 മേയിൽ സിഇപിഎ പ്രാബല്യത്തിൽ വന്നതിന്റെ രണ്ടാം വർഷത്തിൽ യുഎഇയും ഇന്ത്യയും തമ്മിലുള്ള എണ്ണ ഇതര ഉഭയകക്ഷി വ്യാപാരം 56.1 ബില്യൻ യുഎസ് ഡോളർ എത്തി. ആദ്യ വർഷത്തേക്കാൾ 10.1 ശതമാനമാണ് വർധന. 2030 ആകുമ്പോഴേക്കും ഇരു രാജ്യങ്ങളും വ്യാപാര അളവ് 100 ബില്യൻ യുഎസ് ഡോളറായി ഉയർത്താനാണ് ലക്ഷ്യമിടുന്നത്.
