അബുദാബി/റിയാദ് : യുഎഇയുടെ ഉടമസ്ഥതയിലുള്ള ഗ്രേറ്റർ ടുംബ്, ലസ്സർ ടുംബ്, അബൂ മുസ ദ്വീപുകളിൽ ഇറാൻ തുടരുന്ന കയ്യേറ്റവും താമസസൗകര്യ നിർമാണവും ഗൾഫ് സഹകരണ കൗൺസിൽ (ജിസിസി) ശക്തമായി അപലപിച്ചു. ജിസിസിയുടെ മന്ത്രിസഭാ യോഗത്തിന് ശേഷം പുറപ്പെടുവിച്ച സംയുക്ത പ്രസ്താവനയിലാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്.
ഈ ദ്വീപുകളിൽ ഇറാൻ കൈകൊണ്ട നടപടികൾക്കും പ്രഖ്യാപനങ്ങൾക്കും അന്താരാഷ്ട്ര നിയമപ്രകാരം യാതൊരു സാധുതയുമില്ലെന്ന് ജിസിസി വ്യക്തമാക്കി. ഇറാൻ അവിടെ സൈനിക പരിശീലനങ്ങളും, മുതിർന്ന ഉദ്യോഗസ്ഥരുടെ സന്ദർശനങ്ങളും നടത്തി. ദ്വീപുകളിലൊന്ന് രാജ്യത്തിന്റെ ആഭ്യന്തര ഭാഗമാണെന്ന തരത്തിൽ പ്രസ്താവനകളും ഇറാൻ നൽകിയിരുന്നു.
യുഎഇയുടെ പരമാധികാരം ഈ ദ്വീപുകൾക്കും അതിനു ചുറ്റുമുള്ള ജലപരിധി, ആകാശപാത, സമുദ്രതടം, ആ ദ്വീപുകൾക്കുള്ള സമ്പദ്‌വ്യവസ്ഥ സംബന്ധിച്ച മേഖലയിലേക്കും വ്യാപിക്കുന്നതാണെന്നും ജിസിസി ചൂണ്ടിക്കാട്ടി.