ദുബൈ: വ്യാജവാർത്തകളും തെറ്റിദ്ധരിപ്പിക്കുന്ന ഉള്ളടക്കങ്ങളും തടയുന്നതിന് യു.എ.ഇ മീഡിയ കൗൺസിൽ പുതിയ സംയോജിത സംവിധാനമൊരുക്കുന്നു. മാധ്യമമേഖലയെ ശക്തിപ്പെടുത്താനും നിയന്ത്രണാധികാരം കൂടുതൽ ഫലപ്രദമാക്കാനും ഉദ്ദേശിച്ചുള്ള പദ്ധതിയാണ് കൗൺസിൽ പ്രഖ്യാപിച്ചത്.
ഉള്ളടക്കങ്ങളുടെ ഗുണനിലവാരം ഉറപ്പാക്കുന്നതിനും തെറ്റിദ്ധരിപ്പിക്കുന്ന പരസ്യങ്ങൾ ഉൾപ്പെടെയുള്ള പ്രശ്നങ്ങൾ റിപ്പോർട്ട് ചെയ്യാനായി, പൊതുജനങ്ങൾക്ക് സഹായകമാകുന്ന സമഗ്ര കമ്മ്യൂണിറ്റി റിപ്പോർട്ടിങ് പ്ലാറ്റ്ഫോവും അവതരിപ്പിക്കുമെന്ന് കൗൺസിൽ വ്യക്തമാക്കി.
പുതിയ സംവിധാനത്തിന്റെ ഭാഗമായി 20 പുതിയ മാനദണ്ഡങ്ങളാണ് മാധ്യമ കൗൺസിൽ നിര്‍ദേശിക്കുന്നത്. പ്രധാനപ്പെട്ടവയിൽ:
- വ്യാജവാർത്തകളും തെറ്റിദ്ധരിപ്പിക്കുന്ന ഉള്ളടക്കങ്ങളും തടയൽ
- പരസ്യങ്ങളും സാമാന്യ ഉള്ളടക്കങ്ങളും തമ്മിലുള്ള വ്യക്തത ഉറപ്പാക്കൽ
- ആരോഗ്യ മേഖലയിൽ അനധികൃത പ്രചാരണം നിരോധിക്കൽ
- പരസ്യ സന്ദേശങ്ങൾ വ്യക്തതയോടെ അവതരിപ്പിക്കൽ
നിയമം ലംഘിക്കുന്നവർക്കെതിരെ കർശന നടപടികൾ സ്വീകരിക്കാനാണ് പുതിയ ചട്ടങ്ങൾ അനുവദിക്കുന്നത്. പരമാവധി 20 ലക്ഷം ദിർഹം വരെ പിഴയും, കുറ്റം ആവർത്തിക്കുന്ന പക്ഷം ലൈസൻസ് റദ്ദാക്കലും ഉൾപ്പെടും.
സുരക്ഷിതവും വിശ്വസനീയവുമായ മാധ്യമവാതാവരണം രൂപപ്പെടുത്തുന്നത് യുഎഇയുടെ പ്രധാന നയങ്ങളിൽ ഒന്നാണെന്ന് മാധ്യമ കൗൺസിൽ പ്രസ്താവനയിൽ വ്യക്തമാക്കി. മീഡിയ മേഖലയുടെ വളർച്ചയ്ക്കും നവീനതയ്ക്കും പിന്തുണ നൽകുന്ന നടപടിയായാണ് ഈ സംവിധാനം രൂപപ്പെടുത്തിയതെന്നും കൗൺസിൽ അറിയിച്ചു.











