ദുബായ് : യുഎഇയിലെ കിഴക്കൻ മേഖലകളിൽ ഇന്ന് രാവിലെയും ശക്തമായ മഴ അനുഭവപ്പെട്ടു. ഷാർജയിലെ ഖോർഫക്കാൻ, നഹ് വ, അൽ റഫീസ ഡാം, വാദി ഷീസ്, കൂടാതെ ഫുജൈറയിലെ അൽ ഖുറയ്യ, മിർബി ഉൾപ്പെടെ നിരവധി സ്ഥലങ്ങളിലാണ് മഴ പെയ്തത്.
ബലിപെരുന്നാൾ അവധിക്കാലത്ത് പെയ്ത ഈ മഴ, ഉയർന്ന ചൂടിൽ കഷ്ടപ്പെടുന്ന ജനങ്ങൾക്കു നേരിയ ആശ്വാസമായതായി റിപ്പോര്‍ട്ടുകൾ പറയുന്നു.
ദേശീയ കാലാവസ്ഥാ കേന്ദ്രമായ NCM (National Center of Meteorology) കിഴക്കൻ പ്രദേശങ്ങളിൽ മേഘസാന്ദ്രത ഉയർന്ന സാഹചര്യത്തിൽ യെല്ലോയും ഓറഞ്ച് അലർട്ടുകളും പുറപ്പെടുവിച്ചിട്ടുണ്ട്. താഴ്‌വരകളും വെള്ളപ്പൊക്ക സാധ്യതയുള്ള പ്രദേശങ്ങളും ഒഴിവാക്കാൻ പൊതുജനങ്ങൾക്കും വാഹനമോടിക്കുന്നവർക്കും മുന്നറിയിപ്പുകളും നൽകി.
ഇന്നലെതന്നെ രാജ്യത്തെ പല ഭാഗങ്ങളിലും മഴ ലഭിച്ചിരുന്നു. അടുത്ത ദിവസങ്ങളിലും കാലാവസ്ഥയിൽ മാറ്റമുണ്ടാകാൻ സാധ്യതയുണ്ടെന്നും ചില സമയം ആകാശം ഭാഗികമായി മേഘാവൃതമാകാനും ഒറ്റപ്പെട്ട ഇടങ്ങളിൽ കൂടുതൽ മഴ ലഭിക്കാനുമാണ് സാധ്യത എന്നും അധികൃതർ അറിയിച്ചു.
താപനില പ്രവചനം:
- തീരപ്രദേശങ്ങളിലും ദ്വീപുകളിലും: ഏകദേശം 41°C
- ഉൾപ്രദേശങ്ങളിൽ: 44°C വരെ ഉയരാം
- മലമേഖലകളിൽ: 30°C – 34°C
ഇന്ന് രാത്രിയിലും നാളെ പുലർച്ചെയിലും തീരപ്രദേശങ്ങളിലെയും ഉൾഭാഗങ്ങളിലെയും ഈർപ്പം ഉയരാൻ സാധ്യതയുണ്ട്. അതിനാൽ ചില പ്രദേശങ്ങളിൽ മൂടൽമഞ്ഞ് രൂപപ്പെടും. കടലത്ത് കാറ്റ് സാധാരണ നിലയിലായിരിക്കും. അറബ് ഗൾഫ് ശാന്തമായിരിക്കും; ഒമാൻ കടലിൽ ചെറുതോ മിതമായതോ ആയ തിരമാലകൾ ഉണ്ടാകാമെന്ന് NCM അറിയിച്ചു.