അബുദാബി : യുഎഇയിൽ കോർപറേറ്റ് ടാക്സ് സമയപരിധി 31 വരെ നീട്ടിയതായി ഫെഡറൽ ടാക്സ് അതോറിറ്റി അറിയിച്ചു. ടാക്സ് റിട്ടേൺ സമർപ്പിക്കാൻ ഒരു വർഷത്തിൽ താഴെ കാലാവധി ഉണ്ടായിരുന്ന കമ്പനികൾക്കാണ് ഇളവ്. 2024 ഫെബ്രുവരി 29നോ അതിനു മുൻപോ ടാക്സ് കാലാവധി കണക്കാക്കുന്നവർക്കാണ് ഡിസംബർ 31 വരെ സാവകാശം നൽകിയത്.
യു എ ഇ യിൽ പുതിയ കമ്പനികൾ ആരംഭിച്ച് 3 മാസത്തിനകം കോർപറേറ്റ് ടാക്സിൽ റജിസ്റ്റർ ചെയ്യണം. വാർഷിക വരുമാനം 3.75 ലക്ഷം ദിർഹത്തിൽ (84.1 ലക്ഷം രൂപ) കൂടുതലുള്ള കമ്പനികൾ 9% കോർപറേറ്റ് നികുതി നൽകണമെന്നാണ് നിയമം. സർക്കാർ, സ്വകാര്യ ജോലിയിൽനിന്നുള്ള ശമ്പളത്തിനോ മറ്റ് വ്യക്തിഗത വരുമാനത്തിനോ കോർപറേറ്റ് നികുതി ബാധകമല്ല.
യു എ ഇ യിൽ ആസ്ഥാനം ഇല്ലാത്ത കമ്പനി രാജ്യത്തുനിന്ന് വരുമാനം നേടുന്നുണ്ടെങ്കിലും കോർപറേറ്റ് നികുതി ബാധകമല്ല. പെൻഷൻ അല്ലെങ്കിൽ നിക്ഷേപ ഫണ്ടുകൾ, ജീവകാരുണ്യപ്രവർത്തനം, സാമൂഹിക സേവനങ്ങൾ, സിഎസ്ആർ തുടങ്ങി സമൂഹത്തിന്റെ ക്ഷേമത്തിനായി പ്രവർത്തിക്കുന്നവയ്ക്കും ഇളവിന് അർഹതയുണ്ട്.
