
ഷാർജ: വ്യാഴാഴ്ച പുലർച്ചെ യുഎഇയിൽ പെയ്തിറങ്ങിയ കനത്ത മൂടൽമഞ്ഞ് ഷാർജ രാജ്യാന്തര വിമാനത്താവളത്തിലെ സർവീസുകൾ ഗുരുതരമായി ബാധിച്ചു. ദൂരക്കാഴ്ച വളരെ കുറഞ്ഞതിനെ തുടർന്ന് നിരവധി വിമാനങ്ങൾ റദ്ദാക്കപ്പെടുകയും പലതും വൈകുകയും ചെയ്തു. യാത്രക്കാർ വിമാനത്താവളത്തിലേക്ക് പുറപ്പെടുന്നതിന് മുൻപ് എയർലൈനുകളുമായി ബന്ധപ്പെട്ട് യാത്രയുടെ സമയക്രമം സ്ഥിരീകരിക്കണമെന്ന് വിമാനത്താവളം അധികൃതർ മുന്നറിയിപ്പ് നൽകി.
ദുബായ്, അബുദാബി, അജ്മാൻ എന്നീ എമിറേറ്റുകളിലെയും പല പ്രദേശങ്ങളിലും ദൂരക്കാഴ്ച 100 മീറ്ററിലേക്ക് താഴ്ന്നതോടെ ദേശീയ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം റെഡ് അലർട്ട് പ്രഖ്യാപിച്ചു. ദുബായിലെ അൽ ഖിസൈസ്, അൽ മുഹൈസിന, ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് റോഡ് പ്രദേശങ്ങളിൽ ഗതാഗതം താറുമാറായി.
റോഡുകളിൽ അതീവ ജാഗ്രത പാലിക്കണമെന്ന് ഷാർജയും ദുബായും പൊലീസ് അറിയിച്ചു. സുരക്ഷിത അകലം പാലിക്കാനും വേഗപരിധി കുറയ്ക്കാനും നിർദേശം നൽകി. അബുദാബിയിൽ പ്രധാന റോഡുകളിലെ വേഗപരിധി താൽക്കാലികമായി മണിക്കൂറിൽ 80 കിലോമീറ്ററായി ചുരുക്കി.
വിദഗ്ധർ മുന്നറിയിപ്പ് നൽകുന്നതനുസരിച്ച്, മൂടൽമഞ്ഞുള്ളപ്പോൾ ഹസാർഡ് ലൈറ്റുകൾ ഉപയോഗിക്കുന്നത് അപകടസാധ്യത ഉയർത്താം. മറ്റു ഡ്രൈവർമാർക്ക് തെറ്റിദ്ധാരണ ഉണ്ടാകാനുള്ള സാധ്യതയുള്ളതിനാൽ ഹെഡ്‌ലൈറ്റുകൾ ‘ഡിം’ ചെയ്ത് യാത്ര തുടരുന്നതാണ് സുരക്ഷിതം.












