ദുബായ് ∙ യുഎഇയുടെ വിവിധ ഭാഗങ്ങളിൽ, പ്രത്യേകിച്ച് അൽ ഐൻ പ്രദേശത്ത് ഇന്ന് (ശനി) ഉച്ചതിരിഞ്ഞ് കനത്ത മഴ അനുഭവപ്പെട്ടു. ഉയർന്ന വേനൽച്ചൂടിനിടയിൽ ഉണ്ടായ മഴ ജനങ്ങൾക്ക് ആശ്വാസമായി. നാഷനൽ സെന്റർ ഫോർ മെറ്റീരിയോളജി (NCM) പുറപ്പെടുവിച്ച വിവരമനുസരിച്ച്, അൽ ഐനിൽ കൺവെക്റ്റീവ് മേഘങ്ങൾ രൂപപ്പെട്ടതാണ് മഴയ്ക്ക് കാരണമാകുന്നത്.
രാത്രി 9 വരെ ഇടവിട്ടുള്ള മഴ തുടരാനാണ് സാധ്യത. അൽ ഐനും ഖത് അൽ ശിഖ് ലയിലുമാണ് ശക്തമായ കാറ്റോടുകൂടിയ കനത്ത മഴ പെയ്തത്. പ്രതികൂല കാലാവസ്ഥയുമായി ബന്ധപ്പെട്ട്, പൊതു സുരക്ഷയ്ക്കായി ജാഗ്രത പാലിക്കണമെന്ന് അധികൃതർ നിവാസികളെ അഭ്യർത്ഥിച്ചു. താഴ്വരകൾ, വെള്ളപ്പൊക്ക സാധ്യതയുള്ള മേഖലകൾ എന്നിവിടങ്ങൾ ഒഴിവാക്കണമെന്നും അബുദാബി അധികൃതർ അറിയിച്ചു. വാഹനമോടിക്കുന്നവർ വേഗത കുറച്ച് സൂക്ഷ്മത പാലിക്കണമെന്നും അറിയിപ്പുണ്ട്.
കൺവെക്റ്റീവ് മേഘങ്ങളുടെ സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ് നൽകിയ കാലാവസ്ഥാ കേന്ദ്രം അൽ ഐൻ മേഖല ഉൾപ്പെടെ ചില ഭാഗങ്ങളിൽ ഓറഞ്ച്, മഞ്ഞ അലേർട്ടുകൾ പ്രഖ്യാപിച്ചിട്ടുണ്ട്. തിങ്കളാഴ്ച വരെ മേഘാവൃതമായ അന്തരീക്ഷവും കൂടുതൽ മഴയ്ക്കും സാധ്യതയുണ്ടെന്ന് അറിയിച്ചു.
ഉപരിതല ന്യൂനമർദം, ഉയർന്ന തലത്തിലുള്ള ന്യൂനമർദ കുഴിയങ്ങൾ, തണുത്ത വായു തുടങ്ങിയ ഘടകങ്ങളാണ് കാലാവസ്ഥാ മാറ്റത്തിന് പിന്നിലെ പ്രധാന കാരണം.
ഇന്നലെ അൽ ഐനിലെ സ്വൈഹാനിൽ ഉച്ചയ്ക്ക് 2.45ന് രേഖപ്പെടുത്തിയ ഏറ്റവും ഉയർന്ന താപനില 49.9 ഡിഗ്രി സെൽഷ്യസാണ്. കുറഞ്ഞ താപനില രാവിലെ 24.2 ഡിഗ്രിയായിരുന്നു. രാജ്യത്തുടനീളം ഈർപ്പം കൂടുതലാണ് – ഉൾപ്രദേശങ്ങളിൽ 80–85 ശതമാനവും തീരപ്രദേശങ്ങളിൽ 90 ശതമാനത്തിന് മുകളിലുമാണ് ആപേക്ഷിക ആർദ്രത.