അബുദാബി: ഹിജ്‌രി 1447 പുതുവത്സരാഘോഷങ്ങളുടെ ഭാഗമായി, യുഎഇയിലെ എല്ലാ സ്വകാര്യമേഖലാ ജീവനക്കാർക്കും 2025 ജൂൺ 27 വെള്ളിയാഴ്ച ശമ്പളത്തോടുകൂടിയ അവധി അനുവദിക്കുന്നതായി രാജ്യത്തെ മാനവ വിഭവശേഷിയും സ്വദേശിവൽക്കരണ മന്ത്രാലയവും അറിയിച്ചു.
മുഹറം മാസം ആരംഭിക്കുന്നതിന്റെ ഭാഗമായി അനുവദിച്ചിരിക്കുന്ന ഈ അവധിയിലൂടെ, ശനി-ഞായർ വാരാന്ത്യ അവധികളുമായി ചേർന്ന് 27 മുതൽ 29 വരെയുള്ള മൂന്ന് ദിവസത്തെ നീണ്ട വിശ്രമാവധി ലഭിക്കുമെന്ന് അധികൃതർ അറിയിച്ചു. പ്രവർത്തനങ്ങൾ വീണ്ടും ജൂൺ 30 തിങ്കളാഴ്ച മുതൽ പുനരാരംഭിക്കും.
പൊതുമേഖലാ ജീവനക്കാർക്കും സമാനമായ അവധിദിവസങ്ങൾ ബാധകമായിരിക്കും. യുഎഇയിൽ പ്രാബല്യത്തിൽ വന്ന ഏകീകൃത അവധിക്കാല നയപ്രകാരം പൊതു-സ്വകാര്യ മേഖലകളിലെ ജീവനക്കാർക്ക് തുല്യമായ അവധികൾ ലഭ്യമാക്കുന്നത് ഉറപ്പാക്കുന്നതാണ്.
ബക്രീദ് അവധിക്ക് ശേഷം ലഭിക്കുന്ന 2025ലെ അടുത്ത ഔദ്യോഗിക നീണ്ട അവധിയാണ് ഹിജ്‌രി പുതുവത്സരാവധി. ഹിജ്‌രി കലണ്ടറിലെ ആദ്യമായ മുഹറം മാസത്തിലെ ഒന്നാം തീയതി പുതുവത്സരമായി കണക്കാക്കപ്പെടുന്നു. ഇത് ചാന്ദ്രമാസങ്ങളെ അടിസ്ഥാനമാക്കിയുള്ളതായാണ് വിശദീകരണം.
രാജ്യത്തെ സ്വകാര്യ സ്ഥാപനങ്ങളിലെ എല്ലാ ജീവനക്കാരെയും ഈ അവധി ബാധകമാണെന്ന് മന്ത്രാലയം വ്യക്തമാക്കിയിട്ടുണ്ട്. 2025 ലെ ഔദ്യോഗിക അവധികളുടെ അംഗീകൃത പട്ടിക പ്രകാരമാണ് തീയതി സ്ഥിരീകരിച്ചിരിക്കുന്നതെന്നും അധികൃതർ അറിയിച്ചു.