കൊച്ചി: വിനോദസഞ്ചാരികളുമായി എത്തുന്ന കപ്പലുകൾക്ക് തുറമുഖ നിരക്കുകളിൽ 70 ശതമാനം വരെ ഇളവ് നൽകാനുള്ള കേന്ദ്ര സർക്കാർ തീരുമാനം കൊവിഡിൽ പ്രതിസന്ധിയിലായ ടൂറിസം മേഖലക്ക് കൈത്താങ്ങാകും. കൂടുതൽ കപ്പലുകളെ ഇന്ത്യയിലേക്ക് ആകർഷിക്കാൻ നടപടി സഹായിക്കുമെന്നാണ് പ്രതീക്ഷ.
കോവിഡിൽ നിന്ന് മുക്തരാകാൻ സഹായിക്കുകയാണ് നിരക്ക് ഇളവിന്റെ ലക്ഷ്യമെന്ന് കേന്ദ്ര ഷിപ്പിംഗ് മന്ത്രാലയം അറിയിച്ചു. ഒരു വർഷത്തേക്കാണ് ഇളവുകൾ പ്രഖ്യാപിച്ചത്.
ഇളവുകൾ ഇങ്ങനെ
യാത്രാപ്പലുകൾക്ക് ഗ്രോസ് റജിസ്‌റ്റേർഡ് ടണ്ണേജിന് 0.085 ഡോളറാണ് 12 മണിക്കൂറിന് പുതിയ നിരക്ക്. നിലവിലെ നിരക്ക് 0.35 ഡോളറാണ്. ഒരു സഞ്ചാരിക്ക് അഞ്ചു ഡോളറുമായിരിക്കും. ബെർത്ത് വാടക, പോർട്ട് ഡ്യൂ, പൈലറ്റേജ്, പാസഞ്ചർ ഫീ തുടങ്ങിയ ഈടാക്കുകയില്ല.
പന്ത്രണ്ട് മണിക്കൂറിലേറെ തങ്ങിയാൽ ബെർത്ത് വാടക നൽകിയാൽ മതി. അതിൽ 40 ശതമാനം ഇളവും അനുവദിക്കും.
ഇന്ത്യൻ തുറമുഖത്ത് വർഷത്തിൽ ഒന്ന് മുതൽ 50 തവണ വരുന്ന കപ്പലുകൾക്ക് പത്തു ശതമാനം ഇളവ്. 51 നും 100 നുമിടയിൽ വരുന്നവർക്ക് 20 ശതമാനവും നൂറിലേറെ വരുന്നവർക്ക് 30 ശതമാനവും ഇളവ് നൽകും.
കോവിഡ് മൂലം തുറമുഖങ്ങളുടെ വരുമാനത്തെ സാരമായി ബാധിച്ചിട്ടുണ്ട്. കൂടുതൽ യാത്രാ കപ്പലുകളെ ആകർഷിക്കുകയാണ് ഇളവുകളുടെ ലക്ഷ്യം. 2014 ൽ നൽകിയ ഇളവുകൾ കൂടുതൽ കപ്പലുകളെ ആകർഷിച്ചിരുന്നു. 2014 ൽ 128 യാത്രാക്കപ്പലുകളായിരുന്നത് 2014- 15 മുതൽ 209-20 വരെ 593 ആയും വർദ്ധിപ്പിക്കാൻ കഴിഞ്ഞെന്ന് മന്ത്രാലയം അറിയിച്ചു.
