യാംബു: സൗദിയിലെ രണ്ടാമത്തെ വ്യവസായ നഗരമായ യാംബുവിൽ 15ാമത് പുഷ്പമേള ജനുവരി 28ന് ആരംഭിക്കുമെന്ന് സംഘാടകരായ യാംബു റോയൽ കമീഷൻ അറിയിച്ചു. ഫെബ്രുവരി 27 വരെ നീളും. സ്വദേശികളും വിദേശികളും ഒരുപോലെ ആസ്വദിച്ച 14ാമത് പുഷ്പമേള കഴിഞ്ഞവർഷം ഫെബ്രുവരി 15 നായിരുന്നു തുടങ്ങിയിരുന്നത്. സന്ദർശകരുടെ അഭൂതപൂർവമായ തിരക്ക് കാരണം പിന്നീട് ഏപ്രിൽ 30 വരെ നീട്ടുകയായിരുന്നു. വൈകീട്ട് അഞ്ച് മുതൽ രാത്രി 11 വരെയായിരുന്നു അന്ന് പൊതുജനങ്ങൾക്ക് പ്രവേശന സമയം.
വർണാഭമായ പ്രത്യേക ദൃശ്യങ്ങളും സാംസ്കാരിക പരിപാടികളും സന്ദർശകർക്കായി പ്രത്യേകം ഒരുക്കിയിരുന്നു. 15 ലക്ഷത്തിലധികം സന്ദർശകർ രണ്ടര മാസമായി നടന്നുവന്ന യാംബു ‘ഫ്ലവർ ആൻഡ് ഗാർഡൻ ഫെസ്റ്റിവൽ’ കാണാൻ സൗദിയുടെ വിവിധ പ്രദേശങ്ങളിൽനിന്നും ഇതര ജി.സി.സി രാജ്യങ്ങളിൽനിന്നും എത്തിയിരുന്നു. യാംബു-ജിദ്ദ ഹൈവേയുടെ ഓരം ചേർന്നുള്ള റോയൽ കമീഷൻ മേഖലയിലെ അൽ മുനാസബാത്ത് പാർക്കിലാണ് എല്ലാവർഷവും വൈവിധ്യമാർന്ന പുഷ്പോത്സവം നടക്കാറുള്ളത്.
വിശാലമായ പുഷ്പ പരവതാനിക്ക് രണ്ടു തവണ നേരത്തേ ഗിന്നസ് വേൾഡ് റെക്കോഡ് നേടിയ യാംബു പുഷ്പമേള കഴിഞ്ഞ വർഷം മൂന്ന് ഗിന്നസ് റെക്കോഡുകൾ കൂടി നേടി ആഗോള ശ്രദ്ധനേടിയിരുന്നു. അവയിലൊന്ന് പൂക്കൾ കൊണ്ട് എഴുതിയ ‘സൽമാൻ’ എന്ന ഏറ്റവും വലിയ വാക്കാണ്. സൗദി ഭരണാധികാരിയുടെ പേരിനെ സൂചിപ്പിക്കുന്ന, പൂക്കളാൽ കോർത്തിണക്കിയ ‘സൽമാൻ’ എന്ന വാക്ക് ലോകത്ത് പൂക്കൾ കൊണ്ടെഴുതിയ ഏറ്റവും വലിയ വാക്ക് ആയി രേഖപ്പെടുത്തിയിരുന്നു.
19,474 ചുവന്ന റോസാപ്പൂക്കളാണ് ഉപയോഗിച്ചത്. ലോകത്തിലെ ഏറ്റവും വലിയ പൂക്കൊട്ട എന്ന നേട്ടവും കഴിഞ്ഞ വർഷത്തെ പുഷ്പമേളക്ക് ലഭിച്ചു. വെള്ളയും ചുവപ്പും ഉള്ള 1,27,224 പ്രകൃതിദത്ത ‘പെറ്റൂണിയ’ പൂക്കളാണ് ഇതിന് ഉപയോഗിച്ചത്. നേട്ടങ്ങളുടെ കൂട്ടത്തിൽ മൂന്നാമത്തേത് പുനരുപയോഗിക്കാവുന്ന (റീസൈക്കിൾ) വസ്തുക്കളാൽ നിർമിച്ച ഏറ്റവും വലിയ ബഹിരാകാശ റോക്കറ്റ് ആയിരുന്നു. റീസൈക്കിൾ ചെയ്ത വസ്തുക്കളിൽനിന്ന് നിർമിച്ച ഈ ബഹിരാകാശ പേടകം 2024ലെ പുഷ്പമേളയിലെ ശ്രദ്ധേയ നേട്ടങ്ങളിലൊന്നായിരുന്നു.
15ാമത് പുഷ്പമേളയിൽ പ്രദർശിപ്പിക്കാൻ വർണ വൈവിധ്യങ്ങളുള്ള പൂക്കൾ റോയൽ കമീഷന് കീഴിലെ പ്രത്യേക നഴ്സറികളിൽ നട്ടു വളർത്തിക്കൊണ്ടിരിക്കുന്നു. പാർക്കിൽ ഒരുക്കം തുടങ്ങിക്കഴിഞ്ഞു. സന്ദർശകരെ വരവേൽക്കാൻ റോയൽ കമീഷനിലെ വഴിയോരങ്ങളും പാർക്കുകളും ഓഫിസ് അങ്കണങ്ങളും വിദ്യാലയങ്ങളും പൂക്കളാൽ അലങ്കരിക്കുന്ന പതിവുമുണ്ട്. പുഷ്പനഗരിയിലേക്കുള്ള പാതയോരങ്ങളിൽ ഡിസൈൻ ചെയ്ത ചെടികളും നട്ടുപിടിപ്പിച്ച മരങ്ങളും നഗരിയുടെ അലങ്കാരക്കാഴ്ചയാണ്.
ഉദ്യാന നിർമാണത്തിൽ വൈഭവമുള്ള യാംബു റോയൽ കമീഷനിലെ വിദഗ്ധരുടെ മേൽനോട്ടത്തിൽ സ്വകാര്യ കമ്പനികളുടെ കൂടി സഹകരണത്തോടെയാണ് പണികൾ നടക്കുന്നത്. മേളയോടനുബന്ധിച്ച് കലാസാംസ്കാരിക ബോധവത്കരണ പരിപാടികളും വിവിധ സ്റ്റാളുകളും പ്രശസ്ത സ്ഥാപനങ്ങളുടെ പവിലിയനുകളും ഫുഡ് കോർട്ടുകളും ഒരുക്കും. ഈ വർഷവും പുതുമയുള്ള പ്രത്യേകം സ്റ്റാളുകൾ ഒരുക്കാനുള്ള ശ്രമത്തിലാണ് അധികൃതർ.
ദേശീയ, അന്തർ ദേശീയ തലങ്ങളിൽ പ്രശസ്തമായ മേളയായി യാംബു പുഷ്പോത്സവം മാറിയിട്ടുണ്ട്. ഭൂമി ശാസ്ത്രപരമായും കാലാവസ്ഥപരമായും ഏറെ സുഖപ്രദമാണ് ചെങ്കടലിനോട് ചേർന്നു കിടക്കുന്ന യാംബുവെന്ന വ്യവസായ നഗരം. സ്വദേശികളെപോലെ കുടുംബത്തോടൊപ്പം കഴിയുന്ന വിദേശികളും പ്രവാസത്തിന്റെ വിരസതയകറ്റാൻ മരുഭൂമിയിൽ ഒരുക്കുന്ന പൂക്കളുടെ വസന്തോത്സവത്തെ ആവേശപൂർവം വരവേൽക്കാൻ ഒരുങ്ങുകയാണ്.
