മസ്കത്ത് : യമനിലെ സൈനിക സംഘർഷം വർധിക്കുന്നതിൽ കടുത്ത ആശങ്ക പ്രകടിപ്പിച്ച് ഒമാൻ. യമനിലെ സംഘർഷത്തിന്റെ ഫലമായുണ്ടായ ഗുരുതരമായ മാനുഷിക പ്രത്യാഘാതങ്ങളും സാധാരണക്കാരുടെ മരണങ്ങളും ഒമാൻ വിദേശകാര്യ മന്ത്രാലയം എടുത്തുകാട്ടി. സംവാദത്തിലൂടെയും ചർച്ചകളിലൂടെയും സമാധാനപരമായ പരിഹാരങ്ങൾ തേടണമെന്നും മന്ത്രാലയം പ്രസ്താവനയിൽ ആവശ്യപ്പെട്ടു.
യമനിൽ കഴിഞ്ഞ ദിവസം നടന്ന യു.എസ് സൈന്യത്തിന്റെ വ്യോമാക്രമണത്തിൽ 31 പേരെങ്കിലും കൊല്ലപ്പെട്ടതായാണ് റിപ്പോർട്ട്. ഗസ്സ മുനമ്പിലേക്കുള്ള സഹായം തടഞ്ഞുള്ള പൂർണ ഉപരോധം നീക്കിയില്ലെങ്കിൽ ചെങ്കടലിൽ ഇസ്രായേലുമായി ബന്ധപ്പെട്ട കപ്പലുകൾക്ക് നേരെ ആക്രമണം പുനഃരാരംഭിക്കുമെന്ന് യമനിലെ ഹൂതി സേന ഭീഷണിപ്പെടുത്തിയതിന് പിന്നാലെയാണ് കടുത്ത ആക്രമണങ്ങൾ. മിസൈലുകൾ, റഡാറുകൾ, ഡ്രോണുകൾ, വ്യോമ പ്രതിരോധ സംവിധാനങ്ങൾ എന്നിവ ഉപയോഗിച്ച് ഹൂതി കേന്ദ്രങ്ങൾ യു.എസ് വ്യോമ-നാവിക സേന ആക്രമിച്ചതായി ഒരു യു.എസ് ഉദ്യോഗസ്ഥൻ എ.ബി.സി ന്യൂസിനോട് പറഞ്ഞു. അതേസമയം ഇറാൻ വിദേശകാര്യ മന്ത്രി ഡോ. അബ്ബാസ് അരഗ്ചിയെ ഒമാൻ വിദേശകാര്യ മന്ത്രി സയ്യിദ് ബദർ ഹമദ് അൽ ബുസൈദിയുമായി മസ്കത്തിൽ കഴിഞ്ഞ ദിവസം കൂടിക്കാഴ്ച നടത്തി. മേഖലയിലെ നിലവിലെ സംഭവവികാസങ്ങളുടെ വെളിച്ചത്തിൽ, നയതന്ത്ര പരിഹാരങ്ങളുടെ പ്രാധാന്യം ചർച്ചയായിരുന്നു.
