
കൊച്ചി : കൊച്ചിൻ ഷിപ്‌യാഡുമായി (സിഎസ്എൽ) സഹകരിക്കാനൊരുങ്ങി ലോകത്തെ രണ്ടാമത്തെ വമ്പൻ ഷിപ്പിങ് കമ്പനിയായ മേർസ്ക്. കപ്പലുകളുടെ അറ്റകുറ്റപ്പണികൾ, പരിപാലനം, കപ്പൽ നിർമാണം തുടങ്ങിയ മേഖലകളിൽ സിഎസ്എലുമായി സഹകരിക്കാൻ മേർസ്ക് ധാരണാപത്രം ഒപ്പുവച്ചു. ഡെൻമാർക്കിലെ കോപ്പൻഹേഗൻ ആസ്ഥാനമായ മേർസ്കിന്റെ കപ്പലുകളുടെ അറ്റകുറ്റപ്പണിയും പരിപാലനവുമാകും സിഎസ്എൽ നിർവഹിക്കുകയെന്നാണു സൂചന. ഈ വർഷം തന്നെ മേർസ്കിന്റെ ആദ്യ കപ്പൽ അറ്റകുറ്റപ്പണികൾക്കായി ഷിപ്‌യാഡിൽ എത്തിയേക്കും. ഇന്ത്യയെ ലോകോത്തര ഷിപ് ബിൽഡിങ് – റിപ്പയർ ഹബ്ബാക്കി മാറ്റുകയെന്ന കേന്ദ്രസർക്കാരിന്റെ നയത്തിനും മേർസ്ക് – സിഎസ്എൽ സഹകരണം ഊർജം നൽകും.

സിഎസ്എലിനു മുന്നിൽ വഴി തുറക്കുന്നതു ശതകോടികളുടെ വരുമാന സാധ്യതകളാണ്. ശരാശരി വലുപ്പമുള്ള കപ്പലിന്റെ അറ്റകുറ്റപ്പണിക്കു പോലും കോടികളുടെ ചെലവു വരും. കണ്ടെയ്നർ കപ്പലുകളുടെ അറ്റകുറ്റപ്പണികൾക്കും പരിപാലനത്തിനും വേണ്ടിയാകും പ്രധാനമായും സിഎസ്എലിന്റെ സേവനം മേർസ്ക് ഉപയോഗിക്കുക. മേർസ്ക് വിവിധ രാജ്യങ്ങളിലെ മുന്നൂറിലേറെ തുറമുഖങ്ങളെ ബന്ധിപ്പിച്ചാണു ചരക്കു സർവീസുകൾ നടത്തുന്നത്. 740 കപ്പലുകളാണു മേർസ്കിന്റെ ശൃംഖലയിലുള്ളത്. ആഗോളതലത്തിൽ സമുദ്ര കണ്ടെയ്നർ ചരക്കു ഗതാഗതത്തിന്റെ 14.6 ശതമാനമാണു മേർസ്ക് കയ്യാളുന്നത്.
ഓഹരികളിൽ നേട്ടം
കൊച്ചിൻ ഷിപ്‌യാഡിന്റെ ഓഹരികൾ ഇന്ന് 1.66% ഉയർന്ന് 1,321 രൂപയിലാണ് എൻഎസ്ഇയിൽ വ്യാപാരം അവസാനിപ്പിച്ചത്. ഒരുഘട്ടത്തിൽ ഇന്ന് ഓഹരിവില 1,337 രൂപവരെയും ഉയർന്നിരുന്നു. കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ 7 ശതമാനത്തിലധികം മുന്നേറാനും കപ്പൽശാലാ ഓഹരിക്ക് കഴിഞ്ഞിട്ടുണ്ട്.