കൊച്ചി കോവിഡ് രണ്ടാം വ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തിൽ മെഡിക്കൽ ഓക്‌സിജൻ ദൗർലഭ്യം ഒഴിവാക്കാൻ ഭാരത് പെട്രോളിയം കോർപ്പറേഷൻ ലിമിറ്റഡ് (ബി.പി.സി.എൽ) സഹായം നൽകും. കൊച്ചി റിഫൈനറിയിൽ നിന്ന് മെഡിക്കൽ ഓക്‌സിജൻ വിതരണം ചെയ്യാൻ നടപടി ആരംഭിച്ചു. കോവിഡ് 19 ന്റെ അടിയന്തര സാഹചര്യത്തിൽ സർക്കാർ ആശുപത്രികൾക്ക് പ്രതിദിനം 1.5 ടൺ ഓക്‌സിജൻ വീതം സൗജന്യമായി വിതരണം ചെയ്യുമെന്ന് അധികൃതർ അറിയിച്ചു.
2020 ഒക്ടോബർ, നവംബർ മാസങ്ങളിൽ ശരാശരി പ്രതിദിന കേസുകൾ ഉയർന്നപ്പോൾ കമ്പനി 40 ടൺ മെഡിക്കൽ ഓക്‌സിജൻ നൽകിയിരുന്നു. കൊച്ചി റിഫൈനറിയുടെ ബിൽഡ് ഓവർ ഓപ്പറേറ്റ് യൂണിറ്റിന് 99.7 ശതമാനം ശുദ്ധ ദ്രാവക ഓക്‌സിജൻ ഉൽപ്പാദിപ്പിക്കാനും സംഭരിക്കാനും ശേഷിയുണ്ട്.
നിലവിൽ 20 ടണ്ണോളം ഓക്‌സിജൻ സംഭരിക്കുന്നുണ്ട്. അതിൽ നിന്നാണ് സർക്കാർ ആശുപത്രികൾക്ക് വിതരണം ചെയ്യുക. സർക്കാർ ആശുപത്രികൾക്ക് സൗജന്യമായാണ് ഓക്‌സിജൻ നൽകുക.
കഴിഞ്ഞ മാസം മുതൽ ശരാശരി പ്രതിദിന കോവിഡ് 19 കേസുകൾ വീണ്ടും ഉയർന്നു വരികയാണ്. ഓക്‌സിജന്റെ ആവശ്യവും ഗണ്യമായി ഉയർന്നു. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ കോവിഡ് കേസുകൾ അതിന്റെ ഉയർന്ന നിരക്കിൽ എത്തി നിൽക്കുകയാണ്. ഈ സാഹചര്യത്തിൽ ഓക്‌സിജന്റെ ആവശ്യകതക്കനുസരിച്ച് ലഭ്യതക്ക് ബുദ്ധിമുട്ട് ഉണ്ടാകുമെന്ന മുന്നറിയിപ്പിനെ തുടർന്നാണ് പൊതുമേഖലാ സ്ഥാപനമായ ബി.പി.സി.എല്ലിന്റെ തീരുമാനം.











