ജിദ്ദ : ഈ വര്‍ഷം മൂന്നാം പാദത്തില്‍ 1,600 കോടി റിയാലിന്റെ (426 കോടി ഡോളര്‍) നേരിട്ടുള്ള വിദേശ നിക്ഷേപങ്ങള്‍ സൗദിയിലെത്തിയതായി ജനറല്‍ അതോറിറ്റി ഫോര്‍ സ്റ്റാറ്റിസ്റ്റിക്‌സ് അറിയിച്ചു. കഴിഞ്ഞ വർഷം മൂന്നാം പാദത്തില്‍ 2,110 കോടി റിയാലിന്റെ (563 കോടി ഡോളര്‍) നേരിട്ടുള്ള വിദേശ നിക്ഷേപങ്ങള്‍ രാജ്യത്തെത്തിയിരുന്നു. ഇതിനെ അപേക്ഷിച്ച് ഇക്കഴിഞ്ഞ പാദത്തില്‍ വിദേശ നിക്ഷേപങ്ങള്‍ 24 ശതമാനം കുറഞ്ഞു. രാജ്യത്തെത്തിയ നേരിട്ടുള്ള നിക്ഷേപങ്ങള്‍ ഈ വര്‍ഷം രണ്ടാം പാദത്തില്‍ 48 ശതമാനവും ഒന്നാം പാദത്തില്‍ 42 ശതമാനവും കുറഞ്ഞിരുന്നു.
എന്നാല്‍ ഈ വര്‍ഷം രണ്ടാം പാദത്തെ അപേക്ഷിച്ച് മൂന്നാം പാദത്തില്‍ വിദേശ നിക്ഷേപങ്ങള്‍ 37 ശതമാനം ഉയര്‍ന്നു. രണ്ടാം പാദത്തില്‍ 1,170 കോടി റിയാലിന്റെ (312 കോടി ഡോളര്‍) നേരിട്ടുള്ള വിദേശ നിക്ഷേപങ്ങളാണ് സൗദിയിലെത്തിയത്. മൂന്നാം പാദത്തില്‍ സൗദിയില്‍ ആകെ എത്തിയ വിദേശ നിക്ഷേപങ്ങള്‍ 1,800 കോടി റിയാല്‍ (480 കോടി ഡോളര്‍) ആണ്. കഴിഞ്ഞ വർഷം മൂന്നാം പാദത്തെ അപേക്ഷിച്ച് 20.4 ശതമാനം കുറവാണിത്. 2023 മൂന്നാം പാദത്തില്‍ സൗദിയില്‍ ആകെ 2,260 കോടി റിയാലിന്റെ (603 കോടി ഡോളര്‍) വിദേശ നിക്ഷേപങ്ങള്‍ എത്തിയിരുന്നു. ഈ വര്‍ഷം രണ്ടാം പാദത്തെ അപേക്ഷിച്ച് മൂന്നാം പാദത്തില്‍ രാജ്യത്ത് ആകെ എത്തിയ വിദേശ നിക്ഷേപങ്ങള്‍ 7.2 ശതമാനമായി കുറഞ്ഞു. രണ്ടാം പാദത്തില്‍ ആകെ 1,940 കോടി റിയാലിന്റെ (517 കോടി ഡോളര്‍) വിദേശ നിക്ഷേപങ്ങള്‍ രാജ്യത്തെത്തിയിരുന്നു.
മൂന്നാം പാദത്തില്‍ 200 കോടി റിയാലിന്റെ നേരിട്ടുള്ള വിദേശ നിക്ഷേപങ്ങള്‍ സൗദിയില്‍ നിന്ന് പുറത്തേക്ക് പോയി. സൗദിയില്‍ നിന്ന് പുറത്തുപോയ നേരിട്ടുള്ള വിദേശ നിക്ഷേപങ്ങള്‍ കഴിഞ്ഞ വര്‍ഷം മൂന്നാം പാദത്തെ അപേക്ഷിച്ച് ഈ കൊല്ലം മൂന്നാം പാദത്തില്‍ 27 ശതമാനം ഉയര്‍ന്നു. 2024 രണ്ടാം പാദത്തെ അപേക്ഷിച്ച് മൂന്നാം പാദത്തില്‍ രാജ്യത്തു നിന്ന് പുറത്തേക്ക് പോയ വിദേശ നിക്ഷേപങ്ങള്‍ 74 ശതമാനം കുറഞ്ഞു. വന്‍തോതില്‍ വിദേശ നിക്ഷേപം ആകര്‍ഷിക്കാനും സ്വകാര്യ മേഖലയുടെ പങ്കാളിത്തം ഉയര്‍ത്താനുമായി പരിഷ്‌കരിച്ച നിക്ഷേപ നിയമം അടുത്തിടെ സൗദി അറേബ്യ അംഗീകരിച്ചിരുന്നു. സുതാര്യത വര്‍ധിപ്പിക്കാനും നടപടിക്രമങ്ങള്‍ എളുപ്പമാക്കാനും നിയന്ത്രണങ്ങള്‍ ലഘൂകരിക്കാനും തര്‍ക്കങ്ങള്‍ വേഗത്തില്‍ പരിഹരിക്കാനും അവസര സമത്വം ഉറപ്പുവരുത്താനും
നീതിപൂര്‍വമായ മത്സര സാഹചര്യം സൃഷ്ടിക്കാനും ലക്ഷ്യമിടുന്ന പുതിയ നിയമം നാളെ മുതല്‍ പ്രാബല്യത്തില്‍വരും.2021, 2022 വര്‍ഷങ്ങളില്‍ സൗദിയില്‍ വിദേശ നിക്ഷേപങ്ങളില്‍ വലിയ കുതിച്ചുചാട്ടമുണ്ടായിരുന്നു. 2021 ല്‍ 8,670 കോടി റിയാലിന്റെയും 2022 ല്‍ 10,520 കോടി റിയാലിന്റെയും വിദേശ നിക്ഷേപങ്ങളാണ് രാജ്യത്തെത്തിയത്. കഴിഞ്ഞ കൊല്ലം ഇത് 4,620 കോടി റിയാലായി കുറഞ്ഞു. 2030 ഓടെ പ്രതിവര്‍ഷം രാജ്യത്തെത്തുന്ന നേരിട്ടുള്ള വിദേശ നിക്ഷേപങ്ങള്‍ 38,800 കോടി റിയാല്‍ (10,350 കോടി ഡോളര്‍) ആയി ഉയര്‍ത്താനാണ് ലക്ഷ്യമിടുന്നു. ഇത് മൊത്തം ആഭ്യന്തരോല്‍പാദനത്തിന്റെ 5.7 ശതമാനമായിരിക്കും. 2021 ല്‍ മൊത്തം ആഭ്യന്തരോല്‍പാദനത്തിന്റെ ഒന്നര ശതമാനത്തിന് തുല്യമായ നേരിട്ടുള്ള വിദേശ നിക്ഷേപമാണ് സൗദിയിലെത്തിയത്.
