മനാമ : ബഹ്‌റൈനിൽ മുൻപ് ജോലി ചെയ്തവരും ഇപ്പോൾ നാട്ടിൽ സ്‌ഥിരതാമസമാക്കിയവരും ബഹ്‌റൈനിൽ ഉള്ളവരുമായ പ്രവാസികളുടെ കൂടിച്ചേരലിന് വേദി ഒരുക്കികൊണ്ട് ബഹ്‌റൈൻ കേരളീയ സമാജത്തിന്റെ ആഭിമുഖ്യത്തിൽ കേരളത്തിൽ നടക്കുന്ന മഹാ സംഗമത്തിന്റെ മൂന്നാമത് പതിപ്പ്, 2025 ഓഗസ്റ്റ് 16 ന് കണ്ണൂരിൽ വച്ച് ചേരാനുള്ള പ്രവർത്തനങ്ങൾക്ക് തുടക്കം കുറിച്ചു. ഹാർമണി എന്ന പേരിൽ ബഹ്‌റൈൻ കേരളീയ സമാജത്തിന്റെ ആഭിമുഖ്യത്തിൽ നടക്കുന്ന മൂന്നാമത് സംഗമമാണ് ഇത്തവണ കണ്ണൂരിൽ നടക്കുന്നത്.
2023ൽ തിരുവനന്തപുരത്തും 2024 ൽ തൃശൂരും വച്ച് നടന്ന പരിപാടി വൻ വിജയമാവുകയും ഇത്തരം സംഗമങ്ങൾ വടക്കേ മലബാറിൽ കൂടി വേണമെന്നുള്ള മലബാറിൽ നിന്നുള്ളവരുടെ ആവശ്യം കൂടി പരിഗണിച്ചാണ് 2025 ലെ സംഗമത്തിന് കണ്ണൂരിനെ തെരഞ്ഞെടുത്തതെന്ന് സംഘടനാ ഭാരവാഹികളുടെ പ്രാഥമിക യോഗത്തിൽ സമാജം പ്രസിഡന്റ് പി വി രാധാകൃഷ്ണ പിള്ള പറഞ്ഞു.കേരളത്തിലുള്ള ബഹ്‌റൈനിലെ മുൻ പ്രവാസികൾക്കും പ്രത്യേകിച്ച് കാസർഗോഡ്, കണ്ണൂർ, കോഴിക്കോട്, വയനാട് ജില്ലകളിൽ നിന്നുള്ള ബഹ്‌റൈൻ പ്രവാസികൾക്കും ബഹ്‌റൈൻ പ്രവാസം മതിയാക്കിയ മുൻ പ്രവാസികൾക്കും ഈ പരിപാടിയിൽ സംബന്ധിക്കാവുന്നതാണെന്ന് സംഘാടകർ പറഞ്ഞു. പരിപാടി സമാജം അംഗങ്ങൾക്ക് മാത്രമല്ലയെന്നും ബഹ്‌റൈൻ കേരളീയ സമാജം ഇതിനു ഒരു നിമിത്തം മാത്രമാണെന്നും സംഘാടകർ പറഞ്ഞു.
കോവിഡിന് ശേഷം തിരുവനന്തപുരത്ത് കോവളം സമുദ്രാ ഹോട്ടലിൽ വച്ച് നടന്ന പരിപാടിയായിരുന്നു കേരളത്തിൽ വച്ച് നടന്ന ബഹ്‌റൈൻ പ്രവാസികളുടെ ആദ്യ സംഗമം. ഗവർണർ അടക്കം സംബന്ധിച്ച പരിപാടിയിൽ നിരവധി കലാകാരന്മാരുടെ കലാപ്രകടനങ്ങളും ഉണ്ടായിരുന്നു. ഏറെക്കാലമായി ബഹ്‌റൈനിൽ നിന്ന് പ്രവാസം മതിയാക്കിയവർക്ക് പരസ്പരം കണ്ടുമുട്ടാനും അനുഭവങ്ങൾ പങ്കുവെയ്ക്കാനുമുള്ള വേദികൂടി ആയി മാറുകയായിരുന്നു ഈ പരിപാടി.
തുടർന്നാണ് കഴിഞ്ഞ വർഷം തൃശൂരിലും ഇത്തരം ഒരു പരിപാടി സംഘടിപ്പിച്ചത്. ബഹ്‌റൈനിലെ ആയിരത്തോളം മുൻ പ്രവാസികൾ സംബന്ധിച്ചിരുന്നു. ആദ്യമായാണ് കേരളത്തിൽ ഗൾഫിലുള്ളവരുടെ ഇത്തരം ഒരു സംഗമം നടക്കുന്നത് എന്നത് കൊണ്ട് തന്നെ കേരളത്തിലെ സാമൂഹ്യ സാംസ്‌കാരിക രാഷ്ട്രീയ മേഖലയിലെ നിരവധി പേരാണ് ക്ഷണിക്കപ്പെട്ട അതിഥികളായും ഈ പരിപാടിയിൽ വന്നു ചേർന്നത്.
കണ്ണൂരിൽ നടക്കുന്ന ഹാർമണി 2025 നെക്കുറിച്ച് ആലോചിക്കാൻ കണ്ണൂരിലാണ് ആദ്യ യോഗം വിളിച്ചത്. സമാജത്തിന്റെ മുൻ വൈസ് പ്രസിഡന്റും ട്രഷററുമായിരുന്ന ടി സോമരാജന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ സമാജത്തിന്റെ ആദ്യ കാല അംഗവും എസ് എൻ സി എസ് ചെയർമാ നുമായിരുന്ന ഭാസ്കരൻ,കെ എസ് സി എ മുൻ പ്രസിഡന്റ് വി വി മോഹൻ, സമാജം ജന. സെക്രട്ടറിയും വൈസ് പ്രസിഡന്റുമായിരുന്ന പി പി ബഷീർ, സമാജം ട്രഷറരും പ്രതിഭ പ്രസിഡന്റു മായിരുന്ന കെ സതീന്ദ്രൻ, സമാജം അസി. സെക്രട്ടറിയും കീൻ ഫോർ പ്രസിഡന്റുമായിരുന്ന ഈ കെ പ്രദീപൻ തുടങ്ങി 34 പേർ സംബന്ധിച്ചു എന്നത് തന്നെ പരിപാടിയുടെ വിജയത്തിന്റെ സൂചനയാണെന്ന് പി വി രാധാകൃഷ്ണപിള്ള പറഞ്ഞു .
2025 ഓഗസ്റ്റ് 16 ന് കണ്ണൂരിൽ നടക്കുന്ന ബഹ്‌റൈൻ പ്രവാസി സംഗമം ( BKS Harmony – 2025 )നെ ക്കുറിച്ച് ആലോചിക്കുവാൻ ഒരു പൊതുയോഗം കഴിഞ്ഞ ദിവസം ) സമാജത്തിലും ചേരുകയുണ്ടായി . വിവിധ സംഘടനാ പ്രതിനിധികൾ പങ്കെടുത്ത യോഗത്തിൽ ജനാർദ്ദൻ നമ്പ്യാരും സുബൈർ കണ്ണൂരും ആദ്യ റജിസ്ട്രേഷൻ നടത്തി ക്യാമ്പയിൻ ഉദ്ഘാടനം ചെയ്തു.
ബഹ്‌റൈനിൽ ഇപ്പോൾ ജോലി ചെയ്യുന്നവർക്കും പ്രവാസം മതിയാക്കി നാട്ടിൽ സ്ഥിരതാമസമാക്കിയവർക്കും ഈ ഹാർമണിയിൽ സംബന്ധിക്കാവുന്നതാണെന്ന് സമാജം പ്രസിഡന്റ് പി വി രാധാകൃഷ്ണപിള്ള അറിയിച്ചു . വിശദ വിവരങ്ങൾക്ക് സുനീഷ് സാസ്കോ (+973 39498114), സോമരാജൻ (+919544447655) എന്നിവരുമായി ബന്ധപ്പെടാവുന്നതാണ്.
