കുവൈത്ത് സിറ്റി ∙ കുവൈത്തിലെ വഫ്രയിൽ, തണുപ്പകറ്റാൻ റൂമിനകത്ത് തീ കൂട്ടിയ ശേഷം ഉറങ്ങിയ 4 പേരിൽ 3 ഇന്ത്യക്കാർ ശ്വാസംമുട്ടി മരിച്ചു. തമിഴ്നാട് മംഗൽപേട്ട് സ്വദേശികളായ മുഹമ്മദ് യാസിൻ (31), മുഹമ്മദ് ജുനൈദ് (45) എന്നിവരും ഒരു രാജസ്ഥാൻ സ്വദേശിയുമാണ് മരിച്ചത്. റൂമിനകത്ത് നിറഞ്ഞ കാർബൺ മോണോക്സൈഡ് ശ്വസിച്ചതാണ് മരണകാരണമെന്നാണ് പ്രാഥമിക നിഗമനം. അബോധാവസ്ഥയിലായ മറ്റൊരു തമിഴ്നാട്ടുകാരൻ അപകടനില തരണം ചെയ്തിട്ടില്ല. ജഹവർഅലി മന്ദഗയിലെ സ്വദേശിയുടെ വീട്ടിലെ ജോലിക്കാരാണ് ഇവർ. വഫ്രയിൽ സ്പോൺസറുടെ തോട്ടത്തിൽ ടെന്റ് കെട്ടി തീ കാഞ്ഞ ശേഷം അവശേഷിച്ച കനൽ തണുപ്പകറ്റാനായി താമസസ്ഥലത്തേക്കു കൊണ്ടുവന്നതായിരുന്നു. തുടർന്ന് വാതിലടച്ച് ഉറങ്ങാൻ കിടന്നതോടെ പുക മുറിയിൽ വ്യാപിക്കുകയായിരുന്നു. മൃതദേഹങ്ങൾ ആശുപത്രിയിലേക്കു മാറ്റി.
