കുവൈത്ത് സിറ്റി: മുബാറക് അൽ കബീർ തുറമുഖ പദ്ധതി വേഗത്തിലാക്കുന്നു. ഇതിന്റെ ഭാഗമായി ബു ബിയാൻ ദ്വീപിലെ പദ്ധതി സ്ഥലത്ത് പൊതുമരാമത്ത് മന്ത്രി നൂറ അൽ മശാനും ചൈനീസ് പ്രതിനിധികളും മുതിർന്ന കുവൈത്ത് ഉദ്യോഗസ്ഥരും സന്ദർശിച്ചു. പദ്ധതിയുടെ നടത്തിപ്പ് വേഗത്തിലാക്കുന്നതിനുള്ള അമീരി നിർദേശങ്ങളുടെ ചട്ടക്കൂടിലാണ് സന്ദർശനമെന്ന് അൽ മശാൻ പറഞ്ഞു. മേഖലയിൽ സുരക്ഷിതമായ ഇടനാഴിയും വാണിജ്യ കേന്ദ്രവും സൃഷ്ടിക്കുകയെന്ന ലക്ഷ്യത്തോടെയുള്ളതാണ് തുറമുഖ പദ്ധതി.
കുവൈത്തിന്റെയും അയൽ രാജ്യങ്ങളുടെയും വികസനത്തിലും സാമ്പത്തിക തലത്തിലും സ്വാധീനം ചെലുത്തുന്ന പദ്ധതി റോഡ് ആൻഡ് ബെൽറ്റ് സംരംഭവുമായി ബന്ധിപ്പിക്കും. തുറമുഖ നിർമാണവുമായി ബന്ധപ്പെട്ട് കഴിഞ്ഞ സെപ്റ്റംബറിൽ കുവൈത്തും ചൈനയും തമ്മിൽ ധാരണാപത്രം (എം.ഒ.യു) ഒപ്പുവെച്ചി രുന്നു. പദ്ധതി നടപ്പിലാക്കുന്നതും കൈകാര്യം ചെയ്യുന്നതും പ്രവർത്തിപ്പിക്കുന്നതും അടക്കമുള്ളതാണ് കരാർ. പദ്ധതി നടപ്പിലാക്കുന്നത് സംബന്ധിച്ച അന്തിമ ആശയം ചൈനീസ് സംഘത്തിന് വിശധമാക്കിയതായി മ ന്ത്രി നൂറ അൽ മഷാൻ പറഞ്ഞു. തുറമുഖം സ്ഥാപിക്കുന്നതിനും വികസിപ്പിക്കുന്നതിനുമുള്ള നിർവഹണ പ്രക്രിയ ത്വരിതപ്പെടുത്തുന്നതിനുള്ള താൽപര്യം ചൈന പ്രതിനിധി സംഘവും വ്യക്തമാക്കി.












