മൊബൈല്‍ ഫോണ്‍ കടകളില്‍ മോഷണം പതിവാക്കിയ സംഘമാണ് സൗദി പോലീസിന്റെ വലയിലായത്
റിയാദ് : വിലകൂടിയ സ്മാര്‍ട് ഫോണുകള്‍ മോഷ്ടിക്കുന്ന സംഘത്തെ സൗദി പോലീസ് പിടികൂടി. ഒരു സ്വദേശി പൗരനും മൂന്ന് പാക് പൗരന്‍മാരുമാണ് മുന്നൂറിലേറെ സ്മാര്‍ട് ഫോണുകളുമായി അറസ്റ്റിലായത്.
ഫോണുകളും മറ്റ് ഇലക്ട്രോണിക് ഗാഡ്ജറ്റുകളും ഇവരുടെ താമസ സ്ഥലങ്ങളില്‍ നിന്ന് കണ്ടെടുത്തിട്ടുണ്ട്.
വിപണിയില്‍ വന്‍ വിലയുള്ള ആഡംബര ബ്രാന്‍ഡുകള്‍ ഉള്‍പ്പടെ 326 ഫോണുകള്‍ ഇവരില്‍ നിന്ന് കണ്ടെടുത്തു. മൊബൈല്‍ ഫോണ്‍ കടകള്‍ കേന്ദ്രീകരിച്ചാണ് മോഷണം.
കടകളിലെത്തി ഒന്നോ രണ്ടോ ഫോണുകള്‍ മോഷ്ടിക്കുന്ന പതിവാണ് ഇവര്‍ക്കുള്ളത്. അതിവിദഗ്ദ്ധമായി മോഷണം നടത്തി പോകുകയാണ് ഇവര്‍ ചെയ്യുന്നത്.
എന്നാല്‍, കഴിഞ്ഞ ദിവസം ഇവര്‍ ഒരു മൊബൈല്‍ കടയുടെ ഗ്ലാസ് ഡോര്‍ തകര്‍ത്ത് അകത്ത് കയറി നൂറോളം ഫോണുകള്‍ മോഷ്ടിച്ചു. ഇതേതുടര്‍ന്ന് പോലീസ് നിരീക്ഷണ ക്യാമറകള്‍ പരിശോധിച്ചപ്പോഴാണ് മൂവര്‍ സംഘത്തിനെ കണ്ടെത്തിയത്.
ഇവര്‍ മോഷ്ടിച്ച ഫോണുകള്‍ വാങ്ങി ആഫ്രിക്കന്‍ രാജ്യങ്ങളിലേക്ക് കയറ്റി അയയ്ക്കുന്ന സ്വദേശി പൗരനേയും പിടികൂടി.
സൗദിയില്‍ തൊഴില്‍ നഷ്ടപ്പെട്ട ചിലര്‍ അനധികൃത താമസക്കാരായി തുടരുകയും മോഷണം പോലെ കുറ്റകൃത്യങ്ങള്‍ ചെയ്ത് ജീവിക്കുന്നതും പോലീസിന്റെ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്. ലേബര്‍ ക്യാംപുകളിലും മറ്റും അനധികൃതമായി താമസിക്കുന്നവരെ കണ്ടെത്താന്‍ പരിശോധനകള്‍ നടത്താറുമുണ്ട്.












