കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയുള്ള മുഖ്യമന്ത്രി ഇന്ന് ഉച്ചയ്ക്ക് ശേഷം ആശുപത്രി വിടും.
കോഴിക്കോട്: മുഖ്യമന്ത്രി പിണറായി വിജയന്‍ കൊറോണ വിമുക്തനായി. കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയുള്ള മുഖ്യമന്ത്രി ഇന്ന് ഉച്ചയ്ക്ക് ശേഷം ആശുപത്രി വിടും. ഏപ്രില്‍ എട്ടിനാണ് മുഖ്യമന്ത്രിയ്ക്ക് രോഗം സ്ഥിരീകരിക്കുന്നത്. അന്ന് വൈകിട്ട് തന്നെ അദ്ദേഹത്തെ കോഴിക്കോട് മെഡിക്കല്‍ കോളേജിലേക്ക് മാറ്റുകയായിരുന്നു.
രോഗം സ്ഥിരീകരിച്ചിരുന്നെങ്കിലും അദ്ദേഹത്തിന് രോഗലക്ഷണങ്ങള്‍ ഒന്നും തന്നെ ഉണ്ടായിരുന്നില്ല. പ്രത്യേക മെഡിക്കല്‍ ബോര്‍ഡ് രൂപീകരിച്ചാണ് മുഖ്യമന്ത്രിക്ക് ചികിത്സ നടത്തിയിരുന്നത്. രണ്ടാം ഘട്ട വാക്സിനേഷന്റെ ഭാഗമായി മുഖ്യമന്ത്രി കഴിഞ്ഞ മാസം വാക്സിന്‍ സ്വീകരിച്ചിരുന്നു.
തെരഞ്ഞെടുപ്പ് ദിനത്തില്‍ മുഖ്യമന്ത്രിയുടെ മകള്‍ വീണ, മരുമകന്‍ മുഹമ്മദ് റിയാസ് എന്നിവര്‍ക്ക് രോഗം സ്ഥിരീകരിച്ചിരുന്നു. പിന്നാലെ നടത്തിയ പരിശോധനയിലാണ് മുഖ്യമന്ത്രിയ്ക്ക് രോഗം സ്ഥിരീകരിക്കുന്നത്. ഇന്ന് നടത്തിയ പരിശോധനയിലാണ് മുഖ്യമന്ത്രിക്ക് രോഗം ഭേദമായതായി കണ്ടെത്തിയത്.










