മുഖ്യമന്ത്രി പിണറായി വിജയനെതിരെ സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായി മത്സരിക്കാന്‍ വാളയാര്‍ അമ്മയും സമരസമിതിയും തീരുമാനിച്ചതാണ് മന്ത്രിയെ ചൊടിപ്പിച്ചത്
തിരുവനന്തപുരം : മുഖ്യമന്ത്രിയെ വ്യക്തിപരമായി ആക്രമിക്കാനാണ് തീരുമാനമെങ്കില്‍ രാഷ്ട്രീയമായി നേരിടുമെന്ന് വാളയാര്‍ പെണ്‍കുട്ടികളുടെ അമ്മയ്ക്ക് മന്ത്രി എ.കെ ബാലന്റെ മുന്നറിയിപ്പ്. ധര്‍മ്മടം മണ്ഡലത്തില്‍ മുഖ്യമന്ത്രി പിണറായി വിജയനെതിരെ സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായി മത്സരിക്കാന്‍ വാളയാര്‍ അമ്മയും സമരസമിതിയും തീരുമാനിച്ചതാണ് മന്ത്രിയെ ചൊടിപ്പിച്ചത്.
മുഖ്യമന്ത്രിയെ വ്യക്തിപരമായി ആക്രമിക്കാനാണ് തീരുമാനമെങ്കില്‍ രാഷ്ട്രീയമായി നേരിടുമെന്നും പിന്നെ കരഞ്ഞിട്ട് കാര്യമില്ലെന്നും മന്ത്രി വ്യക്തമാക്കി. അമ്മ ഇപ്പോള്‍ കോണ്‍ഗ്ര സി നൊപ്പം നില്‍ക്കുകയാണ്. അമ്മയെ വേദനിപ്പിക്കുന്നതൊന്നും മുഖ്യമന്ത്രി ചെയ്തില്ല. രാഷ്ടീയമായി ഞങ്ങള്‍ നേരിടുമ്പോള്‍ അവര്‍ക്കുണ്ടാകുന്ന വിഷമത്തിന് ഞങ്ങള്‍ ഉത്തരവാദികളല്ല. അവര്‍ക്ക് പിന്നില്‍ ഒരു ശക്തി ഉണ്ട് എന്നതിന് തെളിവാണ് സ്ഥാനാര്‍ത്ഥിയാകാനുള്ള തീരുമാനമെന്നും അദ്ദേഹം പറഞ്ഞു.
അമ്മയെ പിന്തുണക്കുന്ന കാര്യം ആലോചിക്കുമെന്ന് കെപിസിസി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍ വ്യക്തമാക്കിയിരുന്നു. വാളയാര്‍ സമരസമി തിയെ പ്രതിനിധീകരിച്ച് സ്വതന്ത്ര സ്ഥാനാര്‍ഥിയായി മത്സരിക്കാ്‌നാണ് തീരുമാനം. കോണ്‍ഗ്രസ് ഇതുവരെയും ധര്‍മ്മടത്ത് സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിച്ചിട്ടില്ല. നേരത്തെ ഫോര്‍വേഡ് ബ്ലോക്കിന് സീറ്റ് നല്‍കിയെങ്കിലും പിണറായിക്കെതിരെ മത്സരിക്കാനില്ലെന്ന് അവര്‍ അറിയിക്കുകയായിരുന്നു. ഇതേ തുടര്‍ന്ന് സീറ്റ് ഏറ്റെടുത്ത കോണ്‍ഗ്രസിന് ഇതുവരെയും ഇവിടെ സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിക്കാന്‍ കഴിഞ്ഞിട്ടില്ല. നിലവിലെ സാഹചര്യത്തില്‍ ധര്‍മ്മടത്ത് മത്സരിക്കുന്ന വാളയാര്‍ പെണ്‍കുട്ടികളുടെ അമ്മയ്ക്ക് കോണ്‍ഗ്രസ് പിന്തുണ നല്‍കാനും സാധ്യതയുണ്ട്. അത്തരത്തിലൊരു സൂചന കെപിസിസി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍ നല്‍കിയിട്ടുണ്ടെങ്കിലും ഇക്കാര്യത്തില്‍ തീരുമാനമായിട്ടില്ല.