കടകംപള്ളി സുരേന്ദ്രനെ പോലൊരു കാപട്യക്കാരനെ താന്‍ കണ്ടിട്ടില്ലെന്ന് ശോഭാ സുരേന്ദ്രന്‍
തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന് അയ്യപ്പശാപത്തെ ഭയമാണെന്നും ഇത് കാരണം അദ്ദേഹത്തിന്റെ ഭാര്യ അമ്പലപ്പുഴ പാല്‍പായസ വഴിപാട് നേര്‍ന്നെന്നും കഴക്കൂട്ടത്തെ ബിജെപി സ്ഥാനാര്‍ത്ഥി ശോഭസുരേന്ദ്രന്റെ പരിഹാസം. അസുരന്‍മാരാണ് സിപിഎമ്മിലുള്ളതെന്നും അവര്‍ പറഞ്ഞു.
കടകംപള്ളി സുരേന്ദ്രനെതിരെയും ശോഭാ സുരേന്ദ്രന്‍ വിമര്‍ശനം ഉന്നയിച്ചു. ഇതുപോലെ കാപട്യക്കാരനെ താന്‍ കണ്ടിട്ടില്ല. കാട്ടായിക്കോണം സംഘര്‍ഷം തന്നെ കുരുക്കാന്‍ വേണ്ടി ഉണ്ടാക്കിയതാണെന്നും കേന്ദ്ര ഇടപെടല്‍ കൊണ്ടാണ് നടപടിക്ക് പൊലീസ് തയാറായതെന്നും ശോഭാ സുരേന്ദ്രന്‍ പറഞ്ഞു. സിപിഎം പ്രവര്‍ത്തകര്‍ക്കെതിരായ പൊലീസ് നടപടി, കേരള പൊലീസിന് മുകളില്‍ ഒരു പൊലീസുണ്ടെന്ന് കടകംപള്ളിയെ ബോധ്യപ്പെടുത്താന്‍ വേണ്ടിയായിരുന്നു. കേന്ദ്ര ഇടപെടല്‍ കൊണ്ടാണ് പൊലീസ് നടപടിക്ക് തയാറായത്. തനിക്ക് വോട്ട് ചെയ്യാന്‍ പോലും കഴിഞ്ഞില്ല.
കടകംപള്ളി പറഞ്ഞാല്‍ പൊലീസ് തൊപ്പി ഊരി പാര്‍ട്ടി നേതാക്കളുടെ തലയില്‍ വെച്ചു കൊടുക്കുമെന്ന് ഇനി കരുതണ്ട എന്നും ശോഭ പറഞ്ഞു. കാട്ടായിക്കോണത്ത് ബിജെപി ഏജന്റുമാരെ പോലെ പൊലീസ് പെരുമാറിയെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ ഇന്നലെ ആരോപിച്ചിരുന്നു. ഇതിന് മറുപടി പറയുകയായിരുന്നു ശോഭാ സുരേന്ദ്രന്‍. കഴക്കൂട്ടത്ത് ബിജെപി വിജയിക്കുമെന്നും ശോഭാ സുരേന്ദ്രന്‍ പ്രതികരിച്ചു.