ഇന്ത്യന്‍ ബിസിനസ് നെറ്റ് വര്‍ക്കും ഇന്ത്യന്‍ എംബസിയും സംയുക്തമായാണ് മാമ്പഴ ഇറക്കുമതി നടത്തിയത്.
കുവൈത്ത് സിറ്റി : ഇന്ത്യയിലെ മാമ്പഴക്കാലത്ത് സുലഭമായി ലഭിക്കുന്ന വിവിധ തരം മാമ്പഴങ്ങള്‍ കുവൈത്തിലേക്കും എത്തുന്നു.
കുവൈത്തിലെ ഇന്ത്യന്‍ എംബസിയും ഇന്ത്യന്‍ ബിസിനസ് നെറ്റ് വര്‍ക്കും മഹാരാഷ്ട്ര ചേംബര്‍ ഓഫ് കോമേഴ്‌സ് ഇന്‍ഡസ്ട്രീസ് ആന്‍ഡ് അഗ്രികള്‍ചര്‍, ആഗ്രികള്‍ചറല്‍ ആന്‍ഡ് പ്രൊസസ്ഡ് ഫുഡ് പ്രൊഡക്ട്‌സ് എക്‌സ്‌പോര്‍ട്ട് ഡെവലപ്‌മെന്റ് അഥോറിറ്റി എന്നിവര്‍ സംയുക്തമായി നടത്തിയ വിര്‍ച്വല്‍ ബയര്‍ സെല്ലര്‍ മീറ്റിലാണ് മാമ്പഴത്തിന്റെ ഇറക്കുമതി വ്യാപാരങ്ങള്‍ നടന്നത്.
ഇന്ത്യന്‍ മാമ്പഴങ്ങള്‍ക്ക് കുവൈത്തില്‍ മികച്ച സാധ്യതയാണുള്ളതെന്നും രാജ്യത്തും നിന്നുള്ള കയറ്റുമതിയിലും വ്യാപാരങ്ങളിലും കൂടുതല്‍ മൂല്യവും മാധുര്യവും നല്‍കുന്നതില്‍ മാമ്പഴങ്ങള്‍ വലിയ പങ്കു വഹിക്കുന്നുണ്ടെന്ന് കുവൈത്തിലെ ഇന്ത്യന്‍ അംബാസഡര്‍ സിബി ജോര്‍ജ് പറഞ്ഞു.
എല്ലാവര്‍ഷവും സീസണില്‍ ഇന്ത്യയില്‍ നിന്നും ഇരുപത് ലക്ഷം യുഎസ് ഡോളറിന്റെ മാമ്പഴക്കയറ്റുമതി കുവൈത്തിലേക്ക് ഉണ്ടാകാറുണ്ട്. ഇന്ത്യയില്‍ നിന്നുള്ള മാമ്പഴക്കയറ്റുമതിയില്‍ നാലു ശതമാനം ചെറിയ രാജ്യമായ കുവൈത്തിലേക്കാണെന്നും അദ്ദേഹം പറഞ്ഞു. ഇക്കുറി ഇത് എട്ട് ശതമാനമായി ഉയര്‍ത്തണമെന്ന് ഫ്രൂട്‌സ് ഡീലര്‍മാരോട് അംബാസഡര്‍ ആവശ്യപ്പെട്ടു.
കുവൈത്തിലെ ഒരോ വീട്ടിലും ഒരു കൂട മാമ്പഴം എത്തണമെന്നും രാജ്യവുമായുള്ള നയതന്ത്ര ബന്ധത്തിന്റെ അറുപതാം വാര്‍ഷികം ആഘോഷിക്കുന്ന ഈ വേളയില്‍ ഈ ലക്ഷ്യത്തോടെ പ്രവര്‍ത്തിക്കണമെന്നും അദ്ദേഹം പറഞ്ഞു.
റമദാന്‍ പുണ്യമാസക്കാലത്ത് കുവൈത്തിലെ ഇന്ത്യക്കാരും വിദേശികളും പഴങ്ങളുടെ രാജാവായ മാമ്പഴം ആസ്വദിക്കണമെന്നും അദ്ദേഹം പറഞ്ഞു.
ഇന്ത്യയില്‍ നിന്നും ഗുണനിലവാരമുള്ള മാമ്പഴങ്ങള്‍ എത്തിക്കാനാണ് ഇത്തരമൊരു മീറ്റ് സംഘടിപ്പിച്ചതെന്ന് അംബാസഡര്‍ പറഞ്ഞു. അല്‍ഫോന്‍സോ മാങ്ങകള്‍ക്ക് വലിയ പ്രചാരമാണ് കുവൈത്തിലുള്ളത്. മഹാരാഷ്ട്ര കൂടാതെ, ഗുജറാത്ത്, ആന്ധ്രപ്രദേശ് എന്നിവടങ്ങളില്‍ നിന്നുള്ള പഴവ്യാപാരികള്‍ മീറ്റില്‍ പങ്കെടുത്തു.
കുവൈത്തിലെ ഇറക്കുമതി വ്യാപാരികള്‍ മീറ്റില്‍ പങ്കെടുത്തു. പൂനെ ആസ്ഥാനമായിട്ടുള്ള അഗ്രികള്‍ചറല്‍ എക്‌സ്‌പോര്‍ട്ട് ഫസിലിറ്റേഷന്‍ സെന്ററും മീറ്റില്‍ സജീവമായിരുന്നു.