മസ്‌കത്ത് : മസ്‌കത്തിനും കണ്ണൂരിനും ഇടയിൽ ഇൻഡിഗോയുടെ നേരിട്ടുള്ള വിമാന സർവീസ് ആരംഭിച്ചു. മസ്‌കത്ത് അന്താരാഷ്ട്ര വിമാനത്താവളത്തിൽ വാട്ടർ സല്യൂട്ടോടെ ആദ്യ വിമാനത്തെ ഔദ്യോഗികമായി സ്വീകരിച്ചു.
ഇന്നുമുതൽ ചൊവ്വ, വ്യാഴം, ശനി ദിവസങ്ങളിലാണ് സർവീസ്. മസ്‌കത്തിൽ നിന്ന് പുലർച്ചെ 3.35ന് പുറപ്പെടുന്ന വിമാനം രാവിലെ 8.30ന് കണ്ണൂരിൽ എത്തും. തിരിച്ചുള്ള സർവീസ് രാത്രി 12.40ന് കണ്ണൂരിൽ നിന്നു പുറപ്പെട്ടു പുലർച്ചെ 2.25ന് മസ്‌കത്തിൽ ലാന്റ് ചെയ്യും.
വേനൽ അവധിക്കാലം ആരംഭിക്കാനിരിക്കുന്നതിനാല്‍ നിലവിൽ കുറഞ്ഞ നിരക്കിൽ ടിക്കറ്റുകൾ ലഭ്യമായെങ്കിലും അടുത്ത ദിവസങ്ങളിൽ നിരക്കുകൾ ഉയരുമെന്നു ട്രാവൽ ഏജൻസികൾ മുന്നറിയിപ്പിക്കുന്നു.
മസ്‌കത്ത്–ചെന്നൈ സർവീസ് ജൂൺ 16 മുതൽ
ഇന്ത്യൻ നഗരമായ ചെന്നൈയ്ക്കും മസ്‌കത്തിനുമിടയിൽ നേരിട്ട് വിമാന സർവീസ് ആരംഭിക്കാൻ ഇൻഡിഗോ ഒരുങ്ങുന്നു. ജൂൺ 16 മുതൽ തിങ്കൾ, ബുധൻ, വെള്ളി ദിവസങ്ങളിൽ രാത്രിയോടെ 11.45ന് ചെന്നൈയിൽ നിന്ന് പുറപ്പെടുന്ന വിമാനം, ഒമാൻ സമയം പുലർച്ചെ 2.35ന് മസ്‌കത്തിൽ എത്തും.
തിരിച്ചുള്ള സർവീസ് ചൊവ്വ, വ്യാഴം, ശനി ദിവസങ്ങളിൽ ഉച്ചയ്ക്ക് 1.50ന് മസ്‌കത്തിൽ നിന്ന് പുറപ്പെട്ടു വൈകിട്ട് 6.45ന് ചെന്നൈയിൽ എത്തും.