നകുലന്‍
സിപിഎമ്മിനോട് ഇടയുന്നവരും പാര്‍ട്ടിയില്‍ നിന്ന് പുറത്തു പോകുന്നവ രുമായ നേതാക്കള്‍ക്ക് പരനാറി, കുലംകുത്തി തുടങ്ങിയ അധിക്ഷേപ ങ്ങള്‍ കേള്‍ക്കേണ്ടിവന്നിട്ടുണ്ട്. എന്നാല്‍ സിപിഎമ്മില്‍ നിന്ന് കോണ്‍ഗ്രസിലേക്കും അവിടെ നിന്നും ബിജെപിയിലേക്കും രാഷ്ട്രീയ ട്രപ്പീസ് നടത്തിയ അബ്ദുള്ളക്കുട്ടി എന്ന നേതാവിന് തന്റെ രാഷ്ട്രീയ കളരിയായ പാര്‍ട്ടിയില്‍ നിന്ന് അത്രയേറെ കടുത്ത വാക്ശരങ്ങള്‍ നേരിടേണ്ടി വന്നിട്ടില്ല.സിപിഎമ്മിന്റെ കോട്ടയായ കണ്ണൂരില്‍ നിന്ന് ഒരു നേതാവ് ബിജെപിയിലെത്തിയിട്ടും അയാളെ വ്യക്തി തിരിഞ്ഞ് ആക്രമിക്കുന്ന രീതി സിപിഎം അവലംബിച്ചിട്ടില്ല എന്നത് ശ്രദ്ധേയമാണ്.
യഥാര്‍ത്ഥത്തില്‍ സിപിഎമ്മില്‍ നിന്ന് പുറത്തുപോയ വിശ്വാസ വഞ്ചന കാട്ടിയ നേതാക്കളെ അധിക്ഷേപിക്കുന്നതില്‍ തെറ്റൊന്നുമില്ലെന്ന് ഒരു സാധാരണ പാര്‍ട്ടി പ്രവര്‍ത്തകന്‍ കരുതുന്നുവെങ്കില്‍ അയാളുടെ കാഴ്ചപ്പാടില്‍ അതിന് ഏറ്റവും അര്‍ഹന്‍ അബ്ദുള്ളകുട്ടിയായിരിക്കും. പാര്‍ട്ടി നേതൃത്വത്തിന്റെ എല്ലാ അനുഗ്രഹാശിസുകളോടെയും വളര്‍ന്നുവന്ന, മുപ്പത്തിമൂന്നാമത്തെ വയസില്‍ ലോക്സഭാ എംപി ആകാന്‍ അവസരം സിദ്ധിച്ച അബ്ദുള്ളകുട്ടി സിപിഎമ്മില്‍ നിന്ന് പുറത്തുപോയത് മോദിയെ സ്തുതിച്ചതിന്റേ പേരിലാണ്. പിന്നീട് കോണ്‍ഗ്രസ് പാളയത്തിലെത്തിയ അബ്ദുള്ളകുട്ടിക്ക് യുഡിഎഫ് എംഎല്‍എ ആകാനും സാധിച്ചു. ഒടുവില്‍ മോദിയുടെ പാര്‍ട്ടിയില്‍ ചേക്കേറിയ അബ്ദുള്ളകുട്ടി ഇപ്പോള്‍ മലപ്പുറം ലോക്സഭാ മണ്ഡലത്തില്‍ ബിജെപി സ്ഥാനാര്‍ത്ഥിയായി മത്സരിച്ചേക്കുമെന്നാണ് സൂചന.
ന്യൂനപക്ഷ മതവിഭാഗത്തില്‍ പെട്ട ഒരാളെ മുസ്ലിം ലീഗിന്റെ ഉരുക്കുകോട്ടയായ മലപ്പുറത്ത് മത്സരിപ്പിക്കുന്നത് ബിജെപിയുടെ ബുദ്ധിപരമായ നീക്കമാണ്. മത്സരത്തില്‍ തോറ്റാലും ആ സ്ഥാനാര്‍ത്ഥി നിര്‍ണയത്തിലൂടെ ബിജെപി ചില ചുവടുവെപ്പുകളാണ് മുന്നോട്ടുവെക്കുന്നത്.ന്യൂനപക്ഷ ഹിംസ നയമാക്കി മാറ്റിയ ഒരു പാര്‍ട്ടിയുടെ സ്ഥാനാര്‍ത്ഥിയായി മത്സരിക്കാന്‍ അബ്ദുളകുട്ടി എന്ന മുന്‍കമ്യൂണിസ്റ്റിന് യാതൊരു മാനസിക അനുതാപവുമില്ല എന്നത് അധികാര രാഷ്ട്രീയം ചില നേതാക്കളെ എത്രമാത്രം ആശയപരമായ അപചയത്തിലേക്ക് നയിക്കുന്നു എന്നതിന് ഉദാഹരണമാണ്. പാര്‍ട്ടിയോട് ഇടഞ്ഞ മറ്റ് പല നേതാക്കളോടും സ്വീകരിച്ചതില്‍ നിന്നും വ്യത്യസ്തമായ മൃദുസമീപനം അബ്ദുള്ളകുട്ടിയോട് സിപിഎം അവലംബിക്കുന്നത് ശ്രദ്ധേയമാണ്.