ഒമാനിലേക്ക് എത്തുന്ന യാത്രക്കാര്‍ മരുന്നുകള്‍ കൊണ്ടുവരുമ്പോള്‍ ഡോക്ടര്‍ എഴുതി നല്‍കിയ കുറിപ്പും ഒപ്പം കരുതണമെന്ന് മുന്നറിയിപ്പ്
മസ്‌കത്ത് : രാജ്യത്തേക്ക് വരുന്ന യാത്രക്കാര്‍ മരുന്നുകള്‍ കൊണ്ടുവരുമ്പോള്‍ ഒപ്പം ഡോക്ടറുടെ പ്രിസ്‌ക്രിപ്ഷനും കൈയ്യില്‍ കരുതണമെന്ന് ഒമാന്‍ വിമാനത്താവള അഥോറിറ്റി അറിയിച്ചു.
പലപ്പോഴും പ്രവാസികളായ താമസക്കാരും സന്ദര്‍ശകരും ഒമാനിലേക്ക് വരുമ്പോള്‍ നാട്ടില്‍ നിന്ന് മരുന്നുകള്‍ കൊണ്ടുവരുന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്. എന്നാല്‍, ഈ മരുന്നുകള്‍ കൊണ്ടുവരുമ്പോള്‍ ഡോക്ടറുടെ കുറിപ്പ് ഒപ്പം കരുതുന്നില്ല. ഇത് മൂലം മരുന്നു കൊണ്ടുവരുന്ന യാത്രക്കാര്‍ക്ക് പരിശോധനകള്‍ കഴിയും വരെ വിമാനത്താവളത്തില്‍ കഴിയേണ്ടതായി വരുന്നുണ്ട്.
മരുന്നുകള്‍ റോയല്‍ ഒമാന്‍ പോലീസാണ് പിടിച്ചെടുക്കുക. പരിശോധനകള്‍ക്ക് ശേഷം ഇതു യാത്രക്കാരന് തിരികെ നല്‍കുകയാണ് പതിവ്. ഈ കാലതാമസം ഒഴിവാക്കാന്‍ മരുന്നുകള്‍ കൊണ്ടുവരുന്നവര്‍ ഒപ്പം ഡോക്ടറുടെ കുറിപ്പ് കൂടി കൈയ്യില്‍ കരുതണം. വിമാനത്താവള അധികൃതരുടെ അറിയിപ്പില്‍ പറയുന്നു.
ഒമാനില്‍ നിരോധിക്കപ്പെട്ട മരുന്നുകളുടെ പട്ടിക വിമാനത്താവളത്തിന്റെ വെബ്‌സൈറ്റിലും കസ്റ്റംസ് പോര്‍ട്ടലിലും പ്രസിദ്ധീകരിച്ചിട്ടുണ്ട്.
നിരോധിച്ച മരുന്നുകളും രാസവസ്തുക്കളും കൊണ്ടുവരുന്നത് ഗുരുതരമായ കുറ്റമാണ്. ഇതിന് തടവും നാടുകടത്തലും ഉള്‍പ്പടെയുള്ള ശിക്ഷകള്‍ ഉണ്ടാകും.












