മനാമ: നാഷനൽ ഹ്യൂമൻ റൈറ്റ്സ് കമ്മിറ്റിയുടെ 41-ാമത് യോഗത്തിൽ വിദേശകാര്യ മന്ത്രിയും ദേശീയ മനുഷ്യാവകാശ സമിതി ചെയർമാനുമായ ഡോ. അബ്ദുല്ലത്തീഫ് ബിൻ റാഷിദ് അൽ സയാനി അധ്യക്ഷതവഹിച്ചു. യോഗത്തിൽ വിവിധ ഗവൺമെന്റ് സ്ഥാപനങ്ങളുടെ പ്രതിനിധികളും പങ്കെടുത്തു. രാജാവ് ഹമദ് ബിൻ ഈസ ആൽ ഖലീഫയുടെ നിർദേശങ്ങൾ പാലിച്ച് കിരീടാവകാശിയുടെ നേതൃത്വത്തിൽ മനുഷ്യാവകാശങ്ങൾ ഉയർത്തിപ്പിടിക്കുന്നതിൽ രാജ്യത്തിനുള്ള പ്രതിബദ്ധത മന്ത്രി ചൂണ്ടിക്കാട്ടി. മനുഷ്യാവകാശ മുന്നേറ്റം പ്രോത്സാഹിപ്പിക്കുന്നതിൽ സർക്കാർ, സ്വകാര്യ സ്ഥാപനങ്ങൾ ഉൾപ്പെടെയുള്ളവയുടെ പങ്ക് അദ്ദേഹം എടുത്തുപറഞ്ഞു.
സമാധാനം, ജീവിതം, ആരോഗ്യം, വിദ്യാഭ്യാസം എന്നിവക്കുള്ള ജനങ്ങളുടെ അവകാശങ്ങൾ സംരക്ഷിക്കാൻ രാജ്യം പ്രതിജ്ഞാബദ്ധമാണ്. മനുഷ്യാവകാശ സംരക്ഷണവുമായി ബന്ധപ്പെട്ട അന്താരാഷ്ട്ര കൺവെൻഷനുകളുടെ തീരുമാനങ്ങളും ചർച്ച ചെയ്തു. കുട്ടികളുടെ അവകാശ കൺവെൻഷനിൽ കൂട്ടിച്ചേർത്ത രണ്ട് പ്രോട്ടോകോളുകൾ സംബന്ധിച്ചും ചർച്ച ചെയ്തു.
