കുടുംബ പ്രേക്ഷകരെ ആകര്‍ഷിക്കുന്ന ചേരുവകളുമായി എത്തിയ ലാല്‍ ജോസ് ചിത്രം -‘മ്യാവൂ ‘ വിനെ കുറിച്ച് ഒറ്റവാക്കില്‍ ഇങ്ങിനെ പറയാം.
പ്രവാസികളുടെ നോവുകളും നൊമ്പരങ്ങളും പകര്‍ത്തിയ ചില മുഹൂര്‍ത്തങ്ങളുടെ അകമ്പടിയോടെയാണ് ‘മ്യാവൂ’ തീയ്യറ്ററുകളില്‍ എത്തിയത്. തിരക്കഥാകൃത്ത് ഇക്ബാല്‍ കുറ്റിപ്പുറത്തിനൊപ്പം ലാല്‍ ജോസ് വീണ്ടും ഒരുമിച്ചപ്പോള്‍ ‘അറബിക്കഥ ‘ , ‘ഡയമണ്ട് നെക് ലേസ് ‘ , ‘വിക്രാമിദിത്യന്‍’ എന്നിവയൊക്കെ പോലെ ഒരു സിനിമ പിറവികൊണ്ടു.
യുഎഇ എന്നാല്‍ ദുബായിയും, അബുദാബിയും, ഷാര്‍ജയുമെന്ന് കരുതുന്നവര്‍ക്ക് ഒരു പാഠഭേദമാണ് റാസല്‍ ഖൈമയിലെ ജീവിതാനുഭവങ്ങളുടെ കഥ പറയുന്ന മ്യാവൂ.
ഭാര്യയും മൂന്നു മക്കളുമടങ്ങുന്ന ദസ്തഖീര്‍ എന്ന പ്രവാസിയുടെ ജീവിത കഥയാണ് ഇക്ബാല്‍ കുറ്റിപ്പുറവും ലാല്‍ജോസും ചേര്‍ന്ന് പറയുന്നത്. റാസല്‍ ഖൈമയില്‍ ചെറിയ സൂപ്പര്‍മാര്‍ക്കറ്റ് നടത്തുന്ന ഇടത്തരം കുടുംബവും അവരുടെ ഇണക്കങ്ങളും പിണക്കങ്ങളും ഒപ്പം കുടുംബനാഥന് ഇഷ്ടമല്ലാത്ത അതിഥിയായ ഒരു പൂച്ചയും എല്ലാം മ്യാവൂവിന്റെ കഥയുടെ കാമ്പായി നിലകൊള്ളുന്നു.
കുടുംബ നാഥന് ഇഷ്ടമല്ലാത്ത പൂച്ച അയാള്‍ക്ക് ചില ജീവിതപാഠങ്ങള്‍ പകര്‍ന്നു കൊടുക്കുന്നു.
സൗബിന്‍ ഷാഹിറാണ് മ്യാവൂവിലെ ദസ്തഖീറിനെ അവതരിപ്പിക്കുന്നത്. മംമ്ത മോഹന്‍ദാസ് നായിക വേഷം കൈകാര്യം ചെയ്തിരിക്കുന്നു. ദസ്തഖീറിന്റെ സന്തതസഹചാരിയായ ചന്ദ്രനെ അവതരിപ്പിച്ച് ഹരിശ്രീ യൂസഫും സലിംകുമാറിനൊപ്പം ചിത്രത്തില്‍ തിളങ്ങിയിട്ടുണ്ട്.
യുഎഇയിലെ മോഡലും അസര്‍ബെയ്ജാന്‍ സ്വദേശിയുമായ യാസ്മിനയും ചിത്രത്തില്‍ ശ്രദ്ധേയമായ വേഷം ചെയ്തിട്ടുണ്ട്. ഗൗരവമായ വിഷയങ്ങള്‍ക്കൊപ്പം പ്രേക്ഷകരെ ചിരിപ്പിക്കുന്ന കോമഡിയും മ്യാവൂവിലുണ്ട്.
ജസ്റ്റിന്‍ വര്‍ഗീസ് ഈണമിട്ട ഗാനങ്ങള്‍ക്കൊപ്പം ചിത്രത്തിന്റെ ക്യാമറയും കൈയ്യടി നേടുന്നു. അജ്മല്‍ ബാബുവാണ് റാസല്‍ ഖൈമയുടെ മാനോഹാരിത പ്രേക്ഷകരിലേക്ക് എത്തിച്ചത്.
തണ്ണീര്‍മത്തന്‍ ദിനങ്ങളിലെ ഗാനങ്ങള്‍ ഒരുക്കിയ സുഹൈല്‍ കോയയും ജസ്റ്റിനും മികച്ച ഗാനങ്ങളുമായി വീണ്ടും ഒന്നിക്കുകയാണ് ഈ ചിത്രത്തില്‍.
യുഎഇയിലെ നാടക, ഷോര്‍ട് ഫിലിം മേഖലയില്‍ നിന്നുള്ള ഏതാനും പുതുമുഖങ്ങളും മൂന്നു ബാലതാരങ്ങളും ഒപ്പം ഒരു പൂച്ചയും ചിത്രത്തിന്റെ ഭാഗമാണ്. തോമസ് തിരുവല്ല ഫിലിംസിന്റെ ബാനറില്‍ തോമസ് തിരുവല്ലയാണ് ചിത്രം നിര്‍മിച്ചിരിക്കുന്നത്.











