ജോണ്‍പോള്‍ -മലയാള സിനിമയെ മധ്യവര്‍ത്തിയുടെ വഴിയെ നയിച്ച സര്‍ഗസ്വരൂപന്‍, വലിയ ശരിരം പോലെ വലിയ മനസ്സും ഹൃദയവുമുള്ള വ്യക്തിത്വം. ഓര്‍മയായത് സ്‌നേഹനിഭൃതചിത്തനായ എഴുത്തുകാരന്‍
മനോഹര വര്‍മ
മലയാള സിനിമയുടെ ഒരു ദശാസന്ധിയില്‍ വാണിജ്യ സിനിമയ്ക്കും ആര്‍ട്ട് ഫിലിമുകള്‍ക്കിടയില്‍ ഒരു പന്ഥാവ് സൃഷ്ടിച്ച് സമാനമനസ്‌കരായവരായ ഒരു പറ്റം ചലച്ചിത്രപ്രവര്‍ത്തകര്‍ക്കൊപ്പം നടന്നു പോയയാളാണ് ജോണ്‍പോള്‍.
നൂറോളം തിരക്കഥകള്‍ ആ തൂലികയില്‍ നിന്നും പിറന്നു വീണു. പ്രണയം, വിരഹം, ദുഖം, ദുരന്തപൂര്‍ണം എല്ലാം അടങ്ങിയ ഒന്നിനൊന്ന് മെച്ചമായ ചലച്ചിത്ര കാവ്യങ്ങള്‍.
പി എന്‍ മേനോന്‍, കെ എംസ് സേതുമാധവന്‍, ഭരതന്‍, ജോഷി, ഐവി ശശി, സിബി മലയില്‍, സത്യന്‍ അന്തിക്കാട്, കമല്‍ ..ജോണ്‍പോളിന്റെ തിരക്കഥയും മേല്‍പ്പറഞ്ഞ സംവിധായകരുടെ കൈയ്യൊപ്പും മാത്രം മതിയായിരുന്നു സിനിമയുടെ നിലവാരം അളക്കാന്‍,
ബാലു മഹേന്ദ്ര എന്ന അതുല്യ പ്രതിഭ മലയാളത്തില്‍ ഒരുക്കിയ യാത്ര എക്കാലത്തേയും മികച്ചൊരു ചലച്ചിത്രമാണ്. അന്ന് ബാലുവിന് വേണ്ടി തിരക്കഥയൊരുക്കിയത് ജോണ്‍പോള്‍ എന്ന സ്ഥൂല ശരീരമുള്ള മനുഷ്യനായിരുന്നു.
മലയാളത്തിലെ മികച്ച കലാമൂല്യമുള്ള വാണിജ്യ സിനിമകളിലൊന്ന് ആ കൂട്ടുകെട്ടില്‍ അന്ന് പിറന്നു. ഭരതനായിരുന്നു ജോണ്‍പോളിന്റെ ഇഷ്ട സംവിധായകന്‍.
അഭ്രപാളികളില്‍ ചലച്ചിത്ര കാവ്യങ്ങള്‍ എഴുതുന്ന ഭരതന്‍ എന്ന മഹാസംവിധായകന്‍ തന്റെ ഒരു പറ്റം സിനിമകള്‍ക്ക് തിരക്കഥ എഴുതാന്‍ ആശ്രയിച്ചത് ജോണ്‍പോളിനെയായിരുന്നു. പത്മരാജന്‍ എന്ന തിരക്കഥാ കൃത്ത് സ്വതന്ത്രമായി സിനിമ സംവിധാനം ചെയ്തപ്പോഴാണ് ജോണ്‍പോള്‍ എന്ന പ്രതിഭയും ഭരതനുമായി ചേര്‍ന്ന് ഒരുക്കിയ ചലച്ചിത്രങ്ങള്‍ പിറവിയെടുത്തത്.
ഭരത് ഗോപിയെന്ന പരിചയസമ്പന്നായ നടന്‍ ഒരു സിനിമ സംവിധാനം ചെയ്യാന്‍ തുനിഞ്ഞിറങ്ങിയപ്പോഴും തിരക്കഥയ്ക്ക് ആശ്രയിച്ചത് ജോണ്‍പോളിനെയായിരുന്നു. മോഹന്‍ലാല്‍ നായകനായി അണിയിച്ചൊരുക്കിയ ദുരന്തപര്യവസാനിയായ ഉത്സവപ്പിറ്റേന്നില്‍ ജോണ്‍പോളിന്റെ കൈയ്യൊപ്പ് കാണാം.
ചാമരം മുതല്‍ കേളി വരെയുള്ള ഭരതന്‍ സിനിമകളുടെ ക്രാഫ്ട് ശ്രദ്ധിച്ചവര്‍ക്ക് ജോണ്‍പോളും ഭരതനും ചേര്‍ന്നാല്‍ വിസ്മയം ജനിക്കുന്നതെങ്ങനെയെന്ന് മനസ്സിലാകും.
ഓര്‍മയ്ക്കായി, പാളങ്ങള്‍, ഇത്തിരിപ്പൂവേ ചുവന്ന പൂവെ, കാതോട് കാതോരം, ഒരു മിന്നാമിനുങ്ങിന്റെ നുറുങ്ങുവെട്ടം. ഒരു സായായ്ഹനത്തിന്റെ സ്വപ്നം, മാളൂട്ടി, ചമയം തുടങ്ങിയ എത്രയെത്ര സിനിമകള്‍ ജോണ്‍പോളും ഭരതനും ചേര്‍ന്ന് ഒരുക്കി.
വാണിജ്യ സിനിമയുടെ ചേരുവകള്‍ക്കൊപ്പം കലയുടെ കരവിരുതും ചേര്‍ന്നതാണ് ഈ സിനിമകള്‍ എല്ലാം. കച്ചവട സിനിമകളുടെ പൊള്ളത്തരങ്ങള്‍ക്ക് കൂട്ടുനില്‍ക്കാതെ കലാമൂല്യത്തെ മുറുകെ പിടിച്ചുള്ള സത്യസന്ധമായ കഥപറച്ചിലായിരുന്നു ജോണ്‍പോളിന്റെ സവിശേഷത.
മോഹന്‍ എന്ന സംവിധായകന്റെ ഇഷ്ട തിരക്കഥാകൃത്ത് ജോണ്‍പോളായിരുന്നു.
വിടപറയും മുമ്പേ എന്ന ചിത്രം. പത്മരാജന്‍ എന്ന കഥാ, തിരക്കഥാകൃത്തിനൊപ്പമായിരുന്നു മോഹന്‍ ശാലിനി എന്റെ കൂട്ടുകാരി പോലുള്ള ചിത്രങ്ങള്‍ എടുത്തത്. പിന്നീട്, പത്മരാജന്‍ സ്വതന്ത്ര സിനിമകളുമായി മുന്നോട്ട് പോയപ്പോള്‍ ഭരതന്‍ ചെയതതു പോലെ തന്റെ പ്രിയപ്പെട്ട സിനിമകക്ക് തിരക്കഥ ഒരുക്കാന്‍ ജോണ്‍പോളിനെ തേടി ചെല്ലുകയായിരുന്നു മോഹന്‍.
മലയാളികളുടെ മനസ്സില്‍ നൊമ്പരപ്പെടുത്തുന്ന ഒരു ദൃശ്യാനുഭവമായി വിടപറയും മുമ്പേ മാറി. തുടര്‍ന്ന് ജോണ്‍പോളും മോഹനും ചേര്‍ന്ന് ഒരു പിടി നല്ല ചിത്രങ്ങള്‍ മലയാള സിനിമക്ക് സമ്മാനിച്ചു. കഥയറിയാതെ, ഇളക്കങ്ങള്‍ , ആലോലം. രചന. ഭരതനും മോഹനും തങ്ങളുടെ ഒട്ടുമിക്ക ചിത്രങ്ങള്‍ക്കും തിരക്കഥയ്ക്ക് ജോണ്‍ പോളിനെ ആശ്രയിച്ചു.
ഐവി ശശിയുമായി ചേര്‍ന്ന് ഒരുക്കിയ ഇണ, അതിരാത്രം, വ്രതം, ഭൂമിക, വെള്ളത്തൂവല്‍ എന്നിവയെല്ലാം മികച്ച സിനിമകളെന്ന് പേരെടുത്തവയാണ്.
കമലിനൊപ്പമുള്ള ഉണ്ണികളെ ഒരു കഥപറയാം, കെ മധുവിനൊപ്പം ഒരുക്കം , രണ്ടാം വരവ്, സിബി മലയിലുമായി ചേര്‍ന്ന് അക്ഷരം, സത്യന്‍ അന്തിക്കാടിനൊപ്പമുള്ള രേവതിക്കൊരു പാവക്കുട്ടി, അുത്തടുത്ത്. പിജി വിശ്വംഭരനുമായി ചേര്‍ന്ന് ഈ ലോകം ഇവിടെ കുറെ മനുഷ്യര്‍ തുടങ്ങി എത്രയെത്ര ഹിറ്റ് ചിത്രങ്ങള്‍.
എണ്‍പതുകളിലും തൊണ്ണൂറുകളിലും ജോണ്‍പോളിന്റെ തിരക്കഥയുമായി ഇറങ്ങിയ ചിത്രങ്ങള്‍ അനവധിയാണ്.
ബാങ്കിലെ ജോലിയും പിന്നീട് മാധ്യമ പ്രവര്‍ത്തനവും ഉപേക്ഷിച്ച് സിനിമയിലേക്ക് എത്തിയ ജോണ്‍പോളിന് തന്റെ ജീവിതത്തിന്റെ അവസാന നാളുകളില്‍ സാമ്പത്തിക ക്ലേശം ഏറെ അനുഭവിക്കേണ്ടി വന്നു.
നൂറോളം ഹിറ്റ് സിനിമകളുടെ ഭാഗമായിരുന്നിട്ടും സ്വന്തമായി ഒരു വീട് ജോണ്‍പോളിന്റെ പേരിലില്ലായിരുന്നു. വാടക വീടുകളില്‍ നിന്നും വാടക വീടുകളിലേക്ക് വിലാസം മാറിക്കൊണ്ടിരുന്നപ്പോഴും കച്ചവടസിനിമയില്‍ തന്റെ സൃഷ്ടികള്‍ വില്‍പ്പന ചരക്കായി വിലപേശി പണം വാരിക്കൂട്ടാന്‍ ഈ സൗമ്യസംഭാഷണപ്രിയന് ഒരിക്കലും തോന്നിയില്ല.
അംഗീകാരത്തിനും പ്രശസ്തിക്കും പിന്നാലെ പായാനും അവാര്‍ഡുകള്‍ക്കു വേണ്ടി സ്വാധീനം ചെലുത്താനും ജോണ്‍പോള്‍ ഒരിക്കലും പോയില്ല. ഇത്രയേറെ കലാമൂല്യ ചിത്രങ്ങളില്‍ പ്രവര്‍ത്തിച്ചപ്പോഴും തന്റെ കഥയിലും തിരക്കഥയിലും പിറവി കൊണ്ട സിനിമകള്‍ അനവധി പുരസ്‌കാരങ്ങള്‍ വാങ്ങിക്കൂട്ടുമ്പോഴും തിരക്കഥയുടേയൊ കഥയുടേയോ മികവില്‍ ഒരിക്കല്‍ പോലും സംസ്ഥാന പുരസ്‌കാരം ലഭിക്കാന്‍ ഈ കലാകാരന് ഭാഗ്യമുണ്ടായില്ല.
എംടി വാസുദേവന്‍ നായര്‍ എന്ന ചലച്ചിത്ര പ്രതിഭയുടെ ജീവിതത്തെക്കുറിചച് എഴുതിയ പുസ്തകത്തിന് മികച്ച സിനിമാ ഗ്രന്ഥത്തിനുള്ള സംസ്ഥാന പുരസ്‌കാരം മാത്രമാണ് ജോണ്‍ പോളിന് ലഭിച്ചത്. രാജ്യാന്തര തലത്തില്‍ ശ്രദ്ധിക്കപ്പെട്ട ഒരു ചെറുപുഞ്ചിരി എന്ന ചിത്രത്തില്‍ അദ്ദേഹം നിര്‍മാതാവായി പ്രവര്‍ത്തിച്ചു
സഫാരി ടീവിയില്‍ സിനിമകളുടെ അണിയറക്കഥകള്‍ വിവരിച്ച് ജോണ്‍പോള്‍ എത്തുമായിരുന്നു. പത്ത് വര്‍ഷത്തിലധികമായി സിനിമയും എഴുത്തും എല്ലാം ഉപേക്ഷിച്ച് വിശ്രമ ജീവിതം നയിച്ചുവരവെയാണ് അനാരോഗ്യത്തെ തുടര്‍ന്ന് ചികിത്സ തേടിയത്.
എംടിയെകുടാതെ, പിഎന്‍ മേനോന്‍, ഭരതന്‍, സി ജെ തോമസ്, എന്നിവരെ ക്കുറിച്ചുള്ള പുസ്തങ്ങള്‍, പവിത്രം ഈ സ്മൃതി, ക3ലത്തിനു മുമ്പേ നടന്നവര്‍, സവിധം എന്നീ പുസ്തകങ്ങളുടെ രചനയും ജോണ്‍പോളിന്റെതാണ്.
മലയാള സിനിമയിലെ സാങ്കേതിക വിദഗ്ദ്ധരുടെ കൂട്ടായ്മയായി മാക്ട രൂപം പ്രാപിച്ചപ്പോള്‍ അതിന്റെ സ്ഥാപക ജനറല്‍ സെക്രട്ടറിയായിരുന്നു ജോണ്‍പോള്‍.