മസ്‌കത്ത് : ഒമാന്‍ സാംസ്‌കാരിക, കായിക, യുവജന മന്ത്രാലയം മത്രയില്‍ സംഘടിപ്പിക്കുന്ന ‘റനീന്‍’ സമകാലിക കലാമേളയില്‍ സന്ദര്‍ശകരുടെ ഒഴുക്ക്. റനീന്റെ പ്രഥമ പതിപ്പാണ് മത്രയുടെ വിവിധ ഭാഗങ്ങളിലായി അരങ്ങേറുന്നത്.നവംബര്‍ 30 വരെയുള്ള ദിവസങ്ങളില്‍ മത്ര പൊലീസ് സ്‌റ്റേഷന്‍ പരിസരം, ബൈത്ത് അല്‍ ഖൂരി, ബൈത്ത് അല്‍ ഖുന്‍ജി, മത്ര കോട്ട എന്നിവിടങ്ങളിലായി വ്യത്യസ്ത പരിപാടികള്‍ അരങ്ങേറും. ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള ഇരുപതോളം കലാകാരന്മാരാണ് റനീനിന്റെ ഭാഗമാവുക.
പതിമൂന്ന് പ്രാദേശിക കലാകാരന്മാരും ഏഴ് രാജ്യാന്തര കലാകാരന്മാരും എട്ട് സോളോ സംഗീതജ്ഞരും മൂന്ന് വേദികളിലായി പരിപാടികള്‍ അവതരിപ്പിക്കും. കലാ പരിപാടികളിലും പ്രദര്‍ശനങ്ങളിലും സുല്‍ത്താനേറ്റിന് വിശിഷ്ടവും സമ്പന്നവുമായ പാരമ്പര്യമുണ്ട്. ഇത് ഉയര്‍ത്തികാട്ടുന്നതായിരിക്കും ‘റനീന്‍’ പരിപാടിയെന്ന് സാംസ്‌കാരിക, കായിക, യുവജന മന്ത്രാലയത്തിന്റെ അണ്ടര്‍സെക്രട്ടറി സയ്യിദ് സഈദ് അല്‍ ബുസൈദി പറഞ്ഞു. വാസ്തുവിദ്യാ പൈതൃകത്തിന്റെ സമകാലിക വ്യാഖ്യാനം, നഗരത്തിന്റെ സവിശേഷ സ്വഭാവവും ഒമാനിലെ അതിന്റെ പ്രാധാന്യവും പ്രതിഫലിപ്പിക്കുക, ദൃശ്യശ്രാവ്യങ്ങളിലൂടെ മത്ര വിലായത്തിലെ സൈറ്റുകള്‍ പുനരുജ്ജീവിപ്പിക്കുക എന്നിവയാണ് റനീന്‍ ഇവന്റിന്റെ പ്രഥമ പതിപ്പിലൂടെ ലക്ഷ്യമിടുന്നത്.











