കൊച്ചി: കർണാടകത്തിലെ മംഗലൂരു തീരത്തിന് സമീപം പാറക്കെട്ടിലിടിച്ച് തകർന്ന ടഗിലെ ഒൻപത് ജീവനക്കാരിൽ നാലുപേരെ കൊച്ചിയിൽ നിന്നെത്തിയ നാവികഹെലികോപ്ടറും മറ്റുള്ളവരെ കോസ്റ്റ് ഗാർഡും രക്ഷിച്ചു. ടൗക്‌തേ ചുഴലിക്കാറ്റിൽ നിയന്ത്രണം വിട്ട് ടഗ് പാറക്കെട്ടിൽ ഇടിച്ച് തകരാർ സംഭവിച്ച് കുടുങ്ങുകയായിരുന്നു.
ഇന്നലെ പുലർച്ചെയാണ് കോറമാൻഡൽ സപ്പോർട്ടർ 11 എന്ന ടഗ് അപകടത്തിൽപ്പെട്ടത്. കൊച്ചി നാവികത്താവളത്തിൽ നിന്നെത്തിയ എ.എൽ.എച്ച് ഹെലികോപ്ടർ ടഗിൽ കുടുങ്ങിക്കിടന്ന നാലുപേരെ രക്ഷപെടുത്തി മംഗലൂരു വിമാനത്താവളത്തിൽ എത്തിച്ചു. കടലിൽ വീണവരെ കോസ്റ്റ് ഗാർഡിന്റെ വരാഹ കപ്പലും രക്ഷിച്ച് കരയ്‌ക്കെത്തിച്ചു. ആശുപത്രിയിൽ പ്രവേശിപ്പിച്ച ആർക്കും സാരമായ പരിക്കില്ല.
തുറമുഖത്തിന് സമീപം കിടന്നിരുന്ന ടഗ് കൊടുങ്കാറ്റിൽ നിയന്ത്രണം വിട്ട് പാറക്കെട്ടിൽ ഇടിക്കുകയായിരുന്നു. സന്ദേശം ലഭിച്ചയുടൻ കൊച്ചിയിൽ നിന്ന് ഹെലികോപ്ടർ മംഗലൂരുവിലെത്തി. കനത്ത മഴയും കൊടുങ്കാറ്റും മൂലം പ്രതികൂല കാലാവസ്ഥയിലും ദൗത്യം വിജയകരമായി പൂർത്തിയാക്കിയെന്ന് നാവിക വക്താവ് അറിയിച്ചു. കേരള, കർണാടക തീരങ്ങളിൽ ദുരിതം വിതച്ച ടൗക്‌തേ കൊടുങ്കാറ്റ് ഇന്നലെ ഗുജറാത്ത് തീരത്തേയ്ക്ക് നീങ്ങിത്തുടങ്ങി.