എല്‍ഡിഎഫ് സ്ഥാനാര്‍ഥി പി വി അന്‍വറിന്റെ മൊത്തം ജംഗമ ആസ്തി 18.57 കോടി. 16.94 കോടിയാണ് അന്‍വറിന്റെ ബാധ്യത. ഭാര്യമാരുടെ പേരില്‍ 50.24 ലക്ഷവും 50.48 ലക്ഷവും ആസ്തികളാണ് സത്യവാങ്മൂലത്തില്‍ രേഖപ്പെടുത്തിയിട്ടുള്ളത്
നിലമ്പൂര്‍ : നിലമ്പൂര്‍ മണ്ഡലം എല്‍ഡിഎഫ് സ്ഥാനാര്‍ഥി പി വി അന്‍വറിന്റെ മൊത്തം ജംഗമ ആസ്തി 18.57 കോടി.നാമനിര്‍ദേശ പത്രികയോടൊപ്പം നല്‍കിയ സത്യവാങ്മൂലത്തിലാണ് മൊത്തം ജംഗമ ആസ്തിയും ബാധ്യതയും രേഖപ്പെടുത്തിയിരിക്കുന്നത്. 16.94 കോടിയാണ് അന്‍വറിന്റെ ബാധ്യത. ഭാര്യമാരുടെ പേരില്‍ 50.24 ലക്ഷവും 50.48 ലക്ഷവും ആസ്തികള്‍ രേഖപ്പെടുത്തിയിട്ടുണ്ട്. സ്വയാര്‍ജിത ആസ്തിയുടെ നടപ്പുകമ്പോള വില 34.38 കോടിയാണ് സത്യവാങ്മൂലത്തില്‍ രേഖപ്പെടുത്തിയിരിക്കുന്നത്. ഭാര്യമാരുടെ പേരില്‍ 6.7 കോടി, 2.42 കോടിയുടെ ആസ്തി കളുമുണ്ട്. ഭാര്യമാര്‍ക്ക് 50.4 ലക്ഷം വില വരുന്ന 1200 ഗ്രാം വീതം സ്വര്‍ണവുമുണ്ട്.
നിലമ്പൂര്‍ മണ്ഡലം വരണാധികാരി കെ ജെ മാര്‍ട്ടിന്‍ ലോവലിന്റെ ഓഫീസിലെത്തിയാണ് പി വി അന്‍വര്‍ പത്രിക സമര്‍പ്പിച്ചത്. പ്രവര്‍ത്തകര്‍ ക്കൊപ്പം പ്രകടനമായെത്തിയായിരുന്നു പത്രികാ സമര്‍പ്പണം. സിപിഐ എം ഏരിയാ സെക്രട്ടറിമാരായ ടി രവീന്ദ്രന്‍, ഇ പത്മാക്ഷന്‍ ഘടകകക്ഷി നേതാക്കളായ കെ മനോജ്, ആലീസ് മാത്യു, മാത്യു കാരാംവേലി, എം എ വിറ്റാജ്, ബിജു കനകക്കുന്നില്‍, ഇസ്മായീല്‍ എരഞ്ഞിക്കല്‍, ജോര്‍ജ് എം തോമസ്,നിലമ്പൂര്‍ നഗരസഭാ ചെയര്‍മാന്‍ മാട്ടുമ്മല്‍ സലീം, അരുമ ജയ കൃഷ്ണന്‍ എന്നിവരും സ്ഥാനാര്‍ഥിക്കൊപ്പമുണ്ടായിരുന്നു.
താനൂര്‍ മണ്ഡലം എല്‍ഡിഎഫ് സ്വതന്ത്ര സ്ഥാനാര്‍ഥി വി അബ്ദുറഹ്മാനും നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചു. ഉപവരണാധികാരിയായ താനൂര്‍ ബിഡിഒ ജോസ് കുമാര്‍ മുമ്പാകെയാണ് വി അബ്ദുറഹ്മാന്‍ പത്രിക സമര്‍പ്പിച്ചത്. സിപിഐ എം ജില്ലാ സെക്രട്ടറിയറ്റ് അംഗം ഇ ജയന്‍, എല്‍ഡിഎഫ് മണ്ഡലം കണ്‍വീനര്‍ ഒ സുരേഷ്ബാബു എന്നിവരും സ്ഥാനാര്‍ഥിക്കൊപ്പമുണ്ടായി.