അമീര്‍ ഷെയ്ഖ് തമീം ഖത്തറിന്റെ പരമാധികാരിയായി ചുമതലയേറ്റിട്ട് ഒമ്പതു വര്‍ഷം പൂര്‍ത്തിയായി.
ദോഹ : ഖത്തറിന്റെ പരമാധികാരിയായി ചുമതലയേറ്റതിന്റെ ഒമ്പതാം വാര്‍ഷിക നിറവിലാണ് അമീര്‍ ഷെയ്ഖ് തമീം ബിന്‍ ഹമദ് അല്‍താനി.
പത്താം വര്‍ഷത്തിലേക്ക് പദമൂന്നുമ്പോള്‍ മികവിന്റെ മേഖലകളിലേക്ക് ഖത്തര്‍ പടര്‍ന്നു പന്തലിച്ചുകഴിഞ്ഞു. ലോകത്തിന്റെ നെറുകയില്‍ തിളങ്ങുന്ന നക്ഷത്രമായി ഈ അറേബ്യന്‍ നാടിനെ മാറ്റുന്നതില്‍ അമീര്‍ വലിയ പങ്കാണ് വഹിച്ചിട്ടുള്ളത്.
ലോകകപ്പ് ഫുട്‌ബോളിന് ആതിഥേയരാകുന്നതുള്‍പ്പടെ ഖത്തര്‍ വീണ്ടും വിസ്മയം തീര്‍ക്കുകയാണ്.
2013 ജൂണ്‍ 25 നാണ് ഖത്തറിന്റെ നേതൃത്വം അമീര്‍ തമീം ഏറ്റെടുത്തത്.
സാമ്പത്തിക മേഖലയിലും അടിസ്ഥാന സൗകര്യ മേഖലയിലും ഖത്തര്‍ കൈവരിച്ച പുരോഗതി വിസ്മയിപ്പിക്കുന്നതാണ്.
ഗള്‍ഫ് മേഖലയില്‍ ത്വരിത വളര്‍ച്ചയുടെ പര്യായമായി ഖത്തര്‍ മാറിയത് ഷെയ്ഖ് തമീമിന്റെ നേതൃത്വത്തിന്റെ മികവാണ്.
ഖത്തറിനെ ഇന്നുള്ള വികസനക്കുതിപ്പിലേക്ക് എത്തിച്ചത് അമീര്‍ ഷെയ്ഖ് ഹമദ് ബിന്‍ ഖലീഫ അല്‍താനിയാണ്. പിതാവിന്റെ വഴിയേ പിന്തുടര്‍ന്ന പുത്രനും രാജ്യത്തിന്റെ സമഗ്രപുരോഗതിക്കും കാരണമായി തീരുകയാണുണ്ടായത്.
പ്രകൃതി വാതക സമ്പുഷ്ടമായ രാജ്യമാണ് ഖത്തര്‍. ലോകത്തിന്റെ ഊര്‍ജ്ജ ആവശ്യങ്ങള്‍ക്ക് ഖത്തര്‍ നല്‍കുന്ന സംഭാവന നിസ്തുലമാണ്.
കോവിഡാനന്തര സമ്പദ് വ്യവസ്ഥയില്‍ ലോക രാഷ്ട്രങ്ങള്‍ പിടിച്ചു കയറാന്‍ ബുദ്ധിമുട്ടുമ്പോള്‍ ഖത്തറിന്റെ സാമ്പത്തികവളര്‍ച്ച 4.9 ശതമാനമാണ്.
ജനസംഖ്യകൊണ്ടും ഭൂമിശാസ്ത്രപരമായ വിസ്തൃതി കൊണ്ടും ചെറിയ രാജ്യമാണെങ്കിലും ലോകരാജ്യങ്ങള്‍ക്കിടയില്‍ ഖത്തറിനെ തലയെടുപ്പോടെ നിര്‍ത്തുന്നതില്‍ അമീര്‍ തമീം നിര്‍ണായക പങ്കാണ് വഹിച്ചിട്ടുള്ളത്.













