മനാമ: സിത്രക്കു സമീപം ബോട്ട് കൂട്ടിയിടിച്ച് കാണാതായ 26കാരന്റെ മൃതദേഹം കണ്ടെത്തി. രണ്ടു ദിവസം നീണ്ട തിരച്ചിലുകൾക്കൊടുവിൽ കോസ്റ്റ് ഗാർഡാണ് മൃതദേഹം കണ്ടെടുത്തത്.ബുധനാഴ്ച ഉച്ചയോടെ അൽ വാർഫ് ഏരിയയിൽ മീൻപിടിത്തത്തിനിടെയാണ് അപകടമുണ്ടായത്. സ്വദേശി യുവാവും പിതാവുമായിരുന്നു അപകടത്തിൽപെട്ടത്.
ശക്തമായ ഒഴുക്കും വെളിച്ചമില്ലാത്തതും രക്ഷാപ്രവർത്തനത്തെ തടസ്സപ്പെടുത്തി. തലക്കും കാലിനും ഉൾപ്പെടെ പരിക്കുകളോടെ പിതാവിനെ കണ്ടെത്തുകയും ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും ചെയ്തു. ഇദ്ദേഹത്തിന്റെ ആരോഗ്യനില തൃപ്തികരമാണെന്നാണ് റിപ്പോർട്ട്. തീരസംരക്ഷണ സേനയുടെ നേതൃത്വത്തിൽ മുങ്ങൽ വിദഗ്ധർ, സിവിൽ പട്രോളിങ്, പ്രാദേശിക മത്സ്യത്തൊഴിലാളികൾ എന്നിവരെ ഉൾപ്പെടുത്തി നടത്തിയ തിരച്ചിലിലാണ് യുവാവിന്റെ മൃതദേഹം കണ്ടെത്തിയത്.
