കോണ്‍ഗ്രസും ബിജെപിയും പരസ്പരം ആലോചിച്ച് അക്രമങ്ങള്‍ക്ക് നേതൃത്വം നല്‍കുകയാണ്
എന്ന് മന്ത്രി ഇ പി ജയരാജൻ പറഞ്ഞു. പ്രതിപക്ഷ നേതാവ് അക്രമികളെ പ്രോത്സാഹിപ്പിക്കുന്ന നിലയിലേക്ക് മാറരുത്. ഇന്ത്യ ഭരിക്കുന്ന പാര്‍ട്ടിയുടെ അധ്യക്ഷന്‍ എന്ന നിലയില്‍ കെ.സുരേന്ദ്രന്‍ പ്രവര്‍ത്തിക്കണമെന്നും മന്ത്രി പറഞ്ഞു.
പ്രതിപക്ഷത്തിന്റെ സമരം ബാലിശമാണ്. അവര്‍ കലാപത്തിന് ആസൂത്രണം ചെയ്‌തു.ബിജെപിക്ക് പിന്നാലെ കോണ്‍ഗ്രസും അതിക്രമിച്ച് കടക്കാന്‍ ശ്രമിച്ചു. സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ട് എന്‍ഐഎ ആവശ്യപ്പെട്ട ഫയലുകളെല്ലാം നല്‍കിക്കഴിഞ്ഞതായും പ്രധാന രേഖകളൊന്നും നശിച്ചിട്ടില്ലെന്നും മന്ത്രി പറഞ്ഞു.
ചെറുപ്പക്കാരെ കോവിഡിന്റെ അപകടത്തിലേക്ക് തള്ളിവിടരുത്. അവരുടെ രക്ഷിതാക്കളോട് നേതാക്കള്‍ മറുപടി പറയേണ്ടിവരും. നാടിന്റെ അവസ്ഥ മനസിലാക്കിക്കൊണ്ട് യഥാര്‍ഥ പ്രതിപക്ഷമായി പ്രവര്‍ത്തിക്കണമെന്നും മന്ത്രി ആവശ്യപ്പെട്ടു. സെക്രട്ടറിയേറ്റിലെ തീപിടിത്തത്തില്‍ ഒരു ഫയലും പൂര്‍ണമായും കത്തി നശിച്ചിട്ടില്ല. ചീഫ് സെക്രട്ടറി കാട്ടിയത് നാടിനോടും സ്ഥാപനത്തോടുമുള്ള ആദരവാണെന്നും മന്ത്രി പറഞ്ഞു.