കുവൈത്ത് സിറ്റി : കുവൈത്തിൽ ബാങ്കിങ്, ടെലികോം സംവിധാനങ്ങൾക്കെതിരെ ആക്രമണം നടത്തിയ ചൈനീസ് സൈബർ കുറ്റവാളി സംഘത്തെ അറസ്റ്റ് ചെയ്തു. അത്യാധുനിക സാങ്കേതികവിദ്യ ഉപയോഗിച്ച് ഇലക്ട്രോണിക് ഉപകരണങ്ങൾ ഉപയോഗിച്ച് കമ്യൂണിക്കേഷൻ നെറ്റ് വർക്കുകളിൽ കടന്നുകയറി ബാങ്ക് അക്കൗണ്ട് ഡേറ്റ മോഷ്ടിക്കുകയും പണം തട്ടുകയും ചെയ്ത സംഘത്തെയാണ് പിടികൂടിയതെന്ന് ആഭ്യന്തര മന്ത്രാലയം അറിയിച്ചു. സംഘത്തിലെ ബാക്കി അംഗങ്ങളെ കൂടി പിടികൂടാൻ ശ്രമിക്കുകയാണ്. ഇവർ ബാങ്കുകളുടെയും ടെലികോം കമ്പനികളുടെയും പേരിൽ ഉപഭോക്താക്കൾക്ക് തട്ടിപ്പ് സന്ദേശം അയച്ചിട്ടുണ്ട്. ടെലികമ്യൂണിക്കേഷൻ കമ്പനികളും ബാങ്കുകളും തങ്ങളുടെ നെറ്റ് വർക്കുകൾ സൈബർ ആക്രമണങ്ങൾക്ക് ഇരയായതായി പരാതി നൽകിയതിനെ തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് പ്രതികൾ വലയിലായത്.
സിഗ്നൽ ട്രാക്കിങ് ഉപകരണങ്ങൾ ഉപയോഗിച്ച് സംശയാസ്പദമായ സിഗ്നലുകളുടെ ഉറവിടം കണ്ടെത്താൻ ശ്രമിച്ചപ്പോൾ ഫർവാനിയിലെ ഒരു വാഹനത്തിൽ ചെന്നെത്തി. വാഹനത്തിലുണ്ടായിരുന്നവരെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തപ്പോഴാണ് ഞെട്ടിക്കുന്ന കുറ്റകൃത്യം വെളിവായത്. കുറ്റകൃത്യത്തിന് ഉപയോഗിച്ച ഇലക്ട്രോണിക് ഉപകരണങ്ങൾ കണ്ടുകെട്ടി. പ്രതികളെ നിയമനടപടികൾക്കായി ബന്ധപ്പെട്ട വകുപ്പിന് കൈമാറി. സൈബർ സുരക്ഷ വർധിപ്പിക്കാൻ നടപടി സ്വീകരിക്കുമെന്ന് അധികൃതർ ഉറപ്പുനൽകി.











