മനാമ : ബഹ്‌റൈൻ ദേശീയ ദിനത്തിന് ആഴ്ചകൾ മാത്രം ബാക്കി നിൽക്കെ വിപണിയിൽ ബഹ്‌റൈൻ പതാകയുടെ വർണ്ണങ്ങളിലുള്ള തുണിത്തരങ്ങളും പതാകകളും വിൽപനയ്‌ക്കെത്തി. രാജ്യ തലസ്‌ഥാനത്തെ പ്രധാന സൂഖുകളിൽ എല്ലാം ചുവപ്പും വെള്ളയിലുമുള്ള നിരവധി തുണിത്തരങ്ങളാണ് വില്പനയ്ക്കായി പ്രദർശനത്തിന് വച്ചിട്ടുള്ളത്. ഡിസംബർ 16 നാണ് ബഹ്‌റൈൻ ദേശീയ ദിനം ആഘോഷിക്കുന്നത്. വിദ്യാർഥികൾക്ക് അണിയാനുള്ള വസ്ത്രങ്ങളും തൊപ്പിയും വിവിധ പ്രായക്കാർക്കുള്ള വിവിധ തരത്തിലുള്ള റെഡിമെയ്‌ഡ് വസ്ത്രങ്ങളും വിപണിയിൽ തയ്യാറാണ്.
രാജ്യത്തിന്‍റെ പല ഭാഗങ്ങളിലും കൊടി തോരണങ്ങളും പ്രത്യക്ഷപ്പെട്ടു തുടങ്ങി. ദേശീയ ദിനത്തിൽ രാജ്യത്തെ പ്രധാന ആകർഷണമാണ് അലങ്കാര വിളക്കുകൾ. മുഹറഖ് വിമാനത്താവളം റോഡ്,പ്രധാന തെരുവുകൾ, റൗണ്ട് എബൗട്ടുകൾ തുടങ്ങിയ ഇടങ്ങളിൽ എല്ലാം അലങ്കാര ബൾബുകൾ ഒരുക്കുന്ന ജോലികൾ ആരംഭിച്ചു. മനാമ സൂഖിൽ തീപിടിത്തം ഉണ്ടായതിനു ശേഷം ആദ്യമായി ദേശീയ ദിനം കടന്നുവരുമ്പോൾ വിപണിയിൽ പഴയ തിരക്ക് അനുഭവപ്പെടുമെന്നുള്ള പ്രതീക്ഷയിലാണ് സൂഖിലെ വ്യാപാരി സമൂഹം.
എല്ലാ വർഷവും ദേശീയ ദിനത്തിന് പതാക വർണങ്ങളിൽ ഉള്ള വസ്ത്രങ്ങളും അനുബന്ധ തുണിത്തരങ്ങളും സ്റ്റോക്ക് എത്തിക്കാറുണ്ടെങ്കിലും തീപ്പിടുത്തം ഉണ്ടായതിനു ശേഷം സൂഖിലെ വിപണിയിൽ ഉണ്ടായ മാന്ദ്യത്തിൽ നിന്നും തങ്ങൾ ഇനിയും മോചിതരായിട്ടില്ലെന്ന് വ്യാപാരികൾ പറഞ്ഞു. ദേശീയ ദിനത്തോടൊപ്പം തന്നെ കൃസ്തുമസ് വിപണിയും അവധിക്കാലവുമൊക്കെ വിപണിയിൽ എന്തെങ്കിലും ചലനങ്ങൾ ഉണ്ടാക്കിയേക്കും എന്നുള്ള പ്രതീക്ഷയിലാണ് കച്ചവടക്കാർ.
