മനാമ : രാജ്യത്തെ കടകൾ, കഫേകൾ, റസ്റ്ററന്‍റുകൾ, കോൾഡ് സ്റ്റോറുകൾ എന്നിവയുടെ പ്രവർത്തന സമയം രാവിലെ 5 മുതൽ അർധരാത്രി വരെ പരിമിതപ്പെടുത്താനുള്ള നിർദ്ദേശം സതേൺ മുനിസിപ്പൽ കൗൺസിൽ ഏകകണ്ഠമായി അംഗീകരിച്ചു. കൗൺസിലിന്റെ സർവീസ് ആൻഡ് പബ്ലിക് യൂട്ടിലിറ്റി കമ്മിറ്റി ചെയർമാൻ ഹമദ് അൽ സൂബിയാണ് ഇത്തരത്തിൽ ഒരു നിർദേശം മുന്നോട്ടുവച്ചത്.രാത്രി വൈകിയുള്ള വ്യാപാര പ്രവർത്തനങ്ങൾ മൂലമുണ്ടാകുന്ന ശബ്ദം, ശല്യങ്ങൾ, ഗതാഗതക്കുരുക്ക് എന്നിവയെക്കുറിച്ചുള്ള താമസക്കാരുടെ പരാതികൾ പരിഹരിക്കാൻ വേണ്ടിയാണ് ഇത്തരത്തിൽ ഒരു നിർദ്ദേശം മുന്നോട്ടുവച്ചതെന്ന് അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. വ്യവസായ വാണിജ്യ മന്ത്രാലയത്തിൽ നിന്ന് പ്രത്യേക 24 മണിക്കൂർ ലൈസൻസ് നേടാനാകുന്ന വ്യാപാരങ്ങൾ ഒഴികെയുള്ള ബിസിനസുകൾ 24 മണിക്കൂറും പ്രവർത്തിക്കുന്നതിൽ നിന്ന് ഇതോടെ നിയന്ത്രിക്കപ്പെടും.
തെക്കൻ ഗവർണറേറ്റിലുടനീളം ഈ നിയമം വ്യാപിപ്പിക്കുന്നതിന് മുമ്പ് ഷെല്ലാഖിൽ ആദ്യം നിയമം നടപ്പിലാക്കണമെന്നും തുടർന്ന് രാജ്യം മുഴുവനും നടപ്പാക്കണമെന്നും അൽ സോബി നിർദ്ദേശിച്ചു. 24 മണിക്കൂറും പ്രവർത്തിക്കുന്ന ബിസിനസുകൾക്ക് എതിരല്ല, എന്നാൽ രാത്രി വൈകി അമിതമായ ശബ്ദവും ശല്യവും കനത്ത ട്രാഫിക്കും അനുഭവിക്കുന്ന താമസക്കാരുടെ അവകാശങ്ങൾ ഞങ്ങൾ പരിഗണിക്കേണ്ടതുണ്ട് എന്നുള്ളതുകൊണ്ടാണ് ഇത്തരത്തിൽ ഒരു നിയമം നടപ്പിലാക്കാൻ തങ്ങൾ നിർദ്ദേശിക്കുന്നതെന്ന് അൽ സുബി പറഞ്ഞു.
ഇക്കാര്യത്തിൽ നിരവധി പരാതികൾ ലഭിച്ച ഒരു മേഖലയാണ് ഷെല്ലാക്ക്. അതുകൊണ്ട് തന്നെ ഇവിടെ ഈ നിയന്ത്രണം നടപ്പിലാക്കി വിജയകരമാണെങ്കിൽ, മറ്റ് മേഖലകളിലേക്ക് വ്യാപിപ്പിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. അർധരാത്രിക്ക് ശേഷം വ്യാപാരസ്‌ഥാപനങ്ങൾ തുറക്കേണ്ടതില്ല. തൊഴിലാളികൾക്കും കുട്ടികൾക്കും രാത്രിയിൽ സമാധാനത്തോടെ ഉറങ്ങാനും ശല്യമില്ലാതെ വിശ്രമിക്കാനും സാധിക്കണം എന്നുമാണ് താൻ ആഗ്രഹിക്കുന്നതെന്നും ഹമദ് അൽ സൂബി പറയുന്നു. ഫാർമസികൾ, പെട്രോൾ സ്റ്റേഷനുകൾ തുടങ്ങിയ ബിസിനസുകൾക്ക് മുഴുവൻ പ്രവർത്തനസമയം അനിവാര്യമാണെങ്കിൽ, വ്യവസായ വാണിജ്യ മന്ത്രാലയത്തിന്റെ വിലയിരുത്തലിന് ശേഷം അനുമതി നൽകാവുന്നതാണ്.
പാർലമെന്റിന്റെ സാമ്പത്തിക, സാമ്പത്തിക കാര്യ സമിതി ചെയർമാനും ബഹ്‌റൈൻ ചേംബർ ബോർഡ് അംഗവുമായ എംപി അഹമ്മദ് അൽ സലൂം ഈ നീക്കത്തെ ശക്തമായി എതിർത്തു, വിപണി ആവശ്യകതയെ അടിസ്ഥാനമാക്കി സ്വന്തം ജോലി സമയം നിർണ്ണയിക്കാനുള്ള സ്വാതന്ത്ര്യം ബിസിനസുകൾക്ക് ഉണ്ടായിരിക്കണമെന്ന് അദ്ദേഹം വാദിക്കുന്നു. ഷവർമ സ്റ്റാളുകൾ പോലുള്ള ബിസിനസുകൾ വൈകുന്നേരം 5 മണിക്ക് തുറക്കുകയും പുലർച്ചെ 2 മണിക്ക് അടയ്ക്കുകയും ചെയ്യുന്നു, കാരണം അവർ പണം സമ്പാദിക്കുന്ന സമയമാണിതെന്ന് അദ്ദേഹം പറഞ്ഞു. ‘അദ്‌ലിയയിലെ എല്ലാ ഷവർമ സ്റ്റാളുകളും 24 മണിക്കൂറും പ്രവർത്തിക്കുന്നു, അതുകൊണ്ട് തന്നെ അവ അഭിവൃദ്ധിയിലാണ്.
കൂടാതെ, ചില ബ്രേക്ക്ഫാസ്റ്റ് ഷോപ്പുകൾ പുലർച്ചെ 3 മണിക്ക് തുറക്കുകയും ഉച്ചയ്ക്ക് 2 മണിക്ക് അടയ്ക്കുകയും ചെയ്യുന്നു, അതുകൊണ്ട് 5 മണിക്ക് തുറക്കാൻ നിർബന്ധിക്കുന്നത് തെറ്റാണ്. പരാതികൾ ബിസിനസുകൾ മൂലമല്ല, മറിച്ച് ഉപഭോക്തൃ പെരുമാറ്റം മൂലമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. നിർദ്ദേശം മുനിസിപ്പാലിറ്റി കാര്യ-കൃഷി മന്ത്രി വെയ്ൽ അൽ മുബാറക്കിന് കൈമാറി.
