മനാമ : സൗഹൃദങ്ങളും ബന്ധങ്ങളും സൈബർ ഇടങ്ങളിൽ മാത്രമായിക്കൊണ്ടിരിക്കുന്ന കാലത്ത് ബഹ്‌റൈനിലെ പല പ്രദേശങ്ങളിലും രാവേറെ നീണ്ടുനിൽക്കുന്ന മജ്‌ലിസുകൾ റമസാൻ രാവുകളെ സജീവമാക്കുകയാണ്. ബഹ്‌റൈനിലെ സ്വദേശികളുടെ പരസ്പര ബന്ധങ്ങൾ കൂട്ടിയിണക്കുന്ന പ്രധാന കണ്ണിയാണ് എല്ലാ വർഷവും റമസാൻ കാലത്ത് നടക്കുന്ന ഇത്തരത്തിലുള്ള സൗഹൃദ മജ്‌ലിസുകൾ.അയൽക്കാർ മുതൽ വിവിധ രാജ്യങ്ങളിൽ നിന്നുള്ള ആളുകൾ വരെ വലുപ്പച്ചെറുപ്പമില്ലാതെ മജ്‌ലിസുകളിൽ ഒത്തു ചേരുന്നു. സാധാരണ ദിവസങ്ങളിൽ ഇശാ നമസ്‌കാരത്തിന് ശേഷം വീടുകളുടെ ഭാഗമായി ഒരുക്കിയിട്ടുള്ള മജ്‌ലിസുകളിൽ കുടുംബക്കാരും സ്നേഹിതരും ഒത്തുചേരാറുണ്ട്. എന്നാൽ റമസാൻ മാസങ്ങളിൽ തറാവീഹ് നമസ്‌കാരത്തിന് ശേഷം രാവേറെ നീണ്ടുനിൽക്കുന്ന മജ്‌ലിസുകളാണ് ഏറെ ശ്രദ്ധേയം. കുടുംബാംഗങ്ങൾക്കൊപ്പം മറ്റു അതിഥികളും ഇവിടെ സംഗമിക്കുന്നു.
പ്രത്യേക സമയങ്ങൾ നിശ്ചയിച്ചിട്ടില്ലാത്തതുകൊണ്ട് ഇത്തരം മജ്‌ലിസുകളിൽ അതിഥികൾ എത്തിക്കൊണ്ടേയിരിക്കും. ഏറെ നേരം വിശേഷങ്ങൾ പങ്കുവച്ച് മടങ്ങുമ്പോഴേക്കും അടുത്ത അതിഥികൾ എത്തിച്ചേരുകയായി. റമസാൻ മജ്‌ലിസുകൾ റിലേ സൗഹൃദവിരുന്നായി മാറുന്നു. വീടുകളോട് ചേർന്ന് നിർമിച്ചിട്ടുള്ള ഇത്തരം മജ്‌ലിസുകളിൽ തന്നെയാണ് കുടുംബാംഗങ്ങളുടെ വിവാഹം, ജനനം, മരണം എന്നിവയ്ക്കും ബന്ധുക്കൾ ഒത്തുചേരുന്നത്.
ഓരോ വീട്ടുകാരും സാമ്പത്തികസ്‌ഥിതിക്കും പ്രാപ്തിക്കും അനുസരിച്ച് മജ്‌ലിസുകളുടെ അലങ്കാരങ്ങളും സൗകര്യങ്ങളും ഒരുക്കിവരുന്നു. അതിഥികളുടെ കൈ ചുംബിച്ചും ആലിംഗനം ചെയ്‌തും ഗൃഹനാഥൻ അതിഥികളെ സ്വീകരിക്കുന്നു. തുടർന്ന് അറബികളുടെ പ്രധാന പാനീയമായ ഖഹ്‌വയും ഭക്ഷണവും വിളമ്പും. ചില മജ്‌ലിസുകളിൽ ചൂട് ഖഹ്‌വ അതിഥികൾക്ക് നൽകുന്നതിന് പ്രത്യേക ചിട്ടവട്ടങ്ങൾ ഉണ്ട്.
∙ തലമുറകളുടെ പാരമ്പര്യം കാത്തുസൂക്ഷിച്ച് അജൂർ മജ്‌ലിസ്
ബഹ്‌റൈനിലെ ബിസിനസ് സംരംഭകനും ബഹ്‌റൈനിലെ ടെക്‌സ്‌റ്റൈൽ ബിസിനസ് രംഗത്തെ ആദ്യ കമ്പനിയുമായ അബ്‌ദുൽറഹ്‌മാൻ ഇബ്രാഹിം മുഹമ്മദ് അജൂർ ആൻഡ് കമ്പനിയുടെ ആഭിമുഖ്യത്തിൽ വർഷങ്ങളായി നടത്തുന്ന മജ്‌ലിസ് ബഹ്‌റൈനിലെ പ്രധാന മജ്‌ലിസുകളിൽ ഒന്നാണ്. നിലവിലെ കമ്പനിയുടെ ഡയറക്‌ടറായ നബീൽ എ. റഹ്‌മാൻ അജൂർ ആണ് ഇപ്പോൾ ഇവിടെ മജ്‌ലിസ് നടത്തുന്നത്.
ബഹ്‌റൈനിലെ ഇന്ത്യൻ സമൂഹവുമായി അടുത്ത സൗഹൃദം കാത്തുസൂക്ഷിക്കുന്ന അദ്ദേഹത്തിന്റെ മജ്‌ലിസിൽ കഴിഞ്ഞ ദിവസം ഇന്ത്യൻ സ്‌ഥാനപതി ഡോ. വിനോദ് കെ. ജേക്കബും എത്തിയിരുന്നു. ഓരോ ദിവസങ്ങളിലും ഇവിടെ യുകെ, ജർമൻ, തായ്‌ലൻഡ്, യുഎസ് സ്‌ഥാനപതിമാരും ഉന്നത ഉദ്യോഗസ്‌ഥരും രാജകുടുംബാംഗങ്ങൾ അടക്കമുള്ളവരുമാണ് സൗഹൃദം പുതുക്കാൻ എത്തിച്ചേരുന്നത്. തന്റെ മുൻഗാമികൾ തുടങ്ങിവച്ച ഈ മജ്‌ലിസ് ഇപ്പോഴും സജീവമായി മുന്നോട്ട് കൊണ്ടുപോകാൻ കഴിയുന്നതിൽ സന്തോഷമുണ്ടെന്ന് നബീൽ പറഞ്ഞു.
∙ അതിഥികളെ സ്വീകരിക്കാൻ മലയാളി
അജൂർ മജ്‌ലിസിൽ എത്തുന്ന അതിഥികളെ സ്വീകരിക്കാനും സൽക്കാരങ്ങൾക്കും നേതൃത്വം നൽകാനും നിയോഗിക്കപ്പെട്ടിട്ടുള്ള മലയാളി അഷ്‌റഫ് മളിക്കും റമസാൻ കാലം വിശ്രമമില്ലാത്ത രാവുകളാണ്. കാസർകോട് വിദ്യാനഗർ സ്വദേശിയായ അഷ്‌റഫ് അജൂർ മജ്‌ലിസിലെത്തുന്ന അതിഥികൾക്ക് സുപരിചിതനാണ്. കഴിഞ്ഞ മൂന്നു വർഷങ്ങളിലും അഷ്‌റഫ് ആണ് അതിഥികളെ സ്വീകരിക്കാനും അവർക്ക് വേണ്ട കാര്യങ്ങൾ ചെയ്‌തു കൊടുക്കാനും നിയോഗിക്കപ്പെട്ടിട്ടുള്ളത്.
22 വർഷമായി ബഹ്‌റൈൻ പ്രവാസിയായ അഷ്റഫിന് അറബിക് ഭാഷ അനായാസം കൈകാര്യം ചെയ്യാൻ അറിയാവുന്നത് കൊണ്ട് തന്നെ അതിഥി ആരായാലും തിരിച്ചറിഞ്ഞു സ്വീകരിക്കാൻ പ്രയാസം ഉണ്ടാകാറില്ല. വിവിധ രാജ്യങ്ങളിലെ സ്‌ഥാനപതിമാർ അടക്കമുള്ളവരെ സ്വീകരിക്കാനും അവർക്കൊപ്പം നിന്ന് ഫോട്ടോ എടുക്കാനും കഴിയുന്നതിൽ അഭിമാനമുണ്ടെന്നും സമയ ദൈർഘ്യമോ ഡ്യൂട്ടി സമയമോ നോക്കാതെ തന്നെ തന്റെ ജോലി സംതൃപ്തിയോടെ ചെയ്‌തുതീർക്കാൻ കഴിയുന്നതിൽ സന്തോഷമുണ്ടെന്നും അഷ്‌റഫ് പറഞ്ഞു.
