കുവൈത്ത് സിറ്റി : ആഗോള കത്തോലിക്കാ സഭയുടെ തലവൻ ഫ്രാൻസിസ് മാർപാപ്പയുടെ വിയോഗത്തിൽ കുവൈത്ത് അമീർ ഷെയ്‌ഖ് മെഷാൽ അൽ അഹമ്മദ് അൽ ജാബർ അൽ സബാഹ്, കിരീടാവകാശി ഷെയ്‌ഖ് സബാഹ് ഖാലിദ് അൽ ഹമദ് അൽ സബാഹ്, പ്രധാനമന്ത്രി ഷെയ്‌ഖ് അഹമ്മദ് അബ്ദുള്ള അൽ അഹമ്മദ് അൽ സബാഹ് എന്നിവർ അനുശോചനം രേഖപ്പെടുത്തി.
അമീർ ഷെയ്‌ഖ് മെഷാൽ അൽ അഹമ്മദ് അൽ ജാബർ അൽ സബാഹ് കർദ്ദിനാൾ ജിയോവാനി ബാറ്റിസ്റ്റ റേയ്ക്ക് ദുഃഖം രേഖപ്പെടുത്തിയുള്ള സന്ദേശം അയച്ചു. സമാധാനത്തെയും സഹവർത്തിത്വത്തെയും പിന്തുണച്ച മാർപാപ്പയുടെ ധീരമായ നിലപാടുകൾ അമീർ ചൂണ്ടിക്കാട്ടി. മതപരമായ സഹിഷ്ണുതയിലൂടെ ആളുകളെ ഒരുമിച്ച് കൊണ്ടുപോകുന്നതിൽ മാർപാപ്പ ഒരു മാതൃകയായിരുന്നുവെന്നും അമീർ സന്ദേശത്തിൽ വ്യക്തമാക്കി.
കിരീടാവകാശി ഷെയ്‌ഖ് സബാഹ് ഖാലിദ് അൽ ഹമദ് അൽ സബാഹ് മാർപാപ്പയുടെ വേർപാടിൽ അനുശോചനം അറിയിച്ചു. കർദ്ദിനാൾ ജിയോവാനി ബാറ്റിസ്റ്റ റേയ്ക്കാണ് അദ്ദേഹവും അനുശോചന സന്ദേശം അയച്ചത്.ദീർഘകാലം രോഗവുമായി പോരാടിയ മാർപാപ്പയുടെ വിയോഗത്തിൽ പ്രധാനമന്ത്രി ഷെയ്‌ഖ് അഹമ്മദ് അബ്ദുള്ള അൽ അഹമ്മദ് അൽ സബാഹ് ദുഃഖം രേഖപ്പെടുത്തി.











