റിയാദ്: റിയാദിലെ മലയാളി സംഘടനകളുടെ ഐക്യവേദിയായ ഫോർക്ക (ഫെഡറേഷൻ ഓഫ് കേരളയിറ്റ് റീജനല്‍ അസോസിയേഷന്) അൽ മദീന ഹൈപ്പർ മാർക്കറ്റുമായി സഹകരിച്ച് സംഘടിപ്പിക്കുന്ന നാലാമത് ഫുഡ് ഫെസ്റ്റ് മെയ് 23ന് നടത്തപ്പെടും. വൈകിട്ട് 2 മുതൽ 7 വരെ അൽ മദീന ഹൈപ്പർ മാർക്കറ്റ് ഓഡിറ്റോറിയത്തിൽ പരിപാടി നടക്കും.
വിവിധ മേഖലകളിൽ നിന്നുള്ള 18 പ്രാദേശിക മലയാളി സംഘടനകൾ പങ്കെടുക്കുന്ന ഫുഡ് ഫെസ്റ്റിൽ രുചി, അലങ്കാരം, നിർമ്മാണ രീതി, വൈവിധ്യം എന്നീ ഘടകങ്ങൾക്കനുസരിച്ച് മത്സരങ്ങൾ നടത്തും. ഓരോ ടീമിനും സ്വന്തം വിഭവങ്ങൾ പ്രദർശിപ്പിക്കാനുള്ള ടേബിള്‍ അനുവദിക്കും. നാലംഗ ജഡ്ജിംഗ് പാനലാണ് വിധി നിർണ്ണയിക്കുക.
വിഭവങ്ങളുടെ മേള: മത്സരവും സമ്മാനങ്ങളും
ഫുഡ് ഫെസ്റ്റ് മത്സരത്തിൽ മികച്ച പ്രകടനം കാഴ്ചവയ്ക്കുന്ന ടീമുകൾക്ക് വിലപ്പെട്ട സമ്മാനങ്ങൾ കൈമാറും:
- ഒന്നാം സ്ഥാനം: ഒരു പവൻ സ്വർണം – സ്‌പോൺസർ: അൽ മദീന
- രണ്ടാം സ്ഥാനം: അര പവൻ സ്വർണം – സ്‌പോൺസർ: സോണാ ജ്വല്ലറി
- മൂന്നാം സ്ഥാനം: 1001 റിയാൽ – സ്‌പോൺസർ: കൊളംബസ് കിച്ചൻ
പങ്കെടുത്ത എല്ലാ സംഘാടനങ്ങൾക്കും പ്രോത്സാഹന സമ്മാനങ്ങൾ വിതരണം ചെയ്യും.
സാംസ്കാരിക പരിപാടികളും പുരസ്കാര ദാനവും വൈകിട്ട് 5ന് ആരംഭിക്കും. പരിപാടിയുടെ വാർത്താസമ്മേളനത്തിൽ ആക്ടിംഗ് ചെയർമാൻ ജയൻ കോടുങ്ങല്ലൂർ, ജനറൽ കൺവീനർ ഉമർ മുക്ക്, അൽ മദീന ഹൈപ്പർമാർക്കറ്റ് ജനറൽ മാനേജർ ശിഹാബ് കൊടിയത്തൂർ, ട്രഷറർ ജിബിൻ സമദ്, രക്ഷാധികാരി അലി ആലുവ, പ്രോഗ്രാം കൺവീനർ വിനോദ് കൃഷ്ണ, വൈസ് ചെയർമാൻ സൈഫ് കൂട്ടുങ്ങൽ, ജീവകാരുണ്യ കൺവീനർ ഗഫൂർ കൊയിലാണ്ടി എന്നിവർ സംബന്ധിച്ചു.
ഈ ഫുഡ് ഫെസ്റ്റ് രുചിയുടെ ജാതിമില്ലാ ഉത്സവമാകുമെന്ന് സംഘാടകർ പ്രതീക്ഷിക്കുന്നു.