വാഹനങ്ങള്‍ വേഗം കുറച്ച് ഓടിക്കുകയും പിന്നാലെയെത്തുന്ന വാഹനങ്ങള്‍ക്ക് വഴികൊടുക്കാതിരിക്കുകയും ചെയ്യുന്നത് അപകടങ്ങള്‍ക്ക് കാരണമാകും
റാസല്‍ ഖൈമ : ഫാസ്റ്റ് ലെയിനുകളില്‍ വേഗം കുറച്ച് വാഹനം ഓടിക്കുന്നത് സുരക്ഷിതമായ ഡ്രൈവിംഗ് ആണെന്ന് തെറ്റിദ്ധരിക്കുന്നവര്‍ക്ക് റാസല്‍ ഖൈമ പോലീസിന്റെ മുന്നറിയിപ്പ്.
അനുവദനീയമായ വേഗപരിധിയില്‍ വാഹനം ഓടിക്കുക എന്നാല്‍ വേഗം കുറച്ച് ഓടിക്കുക എന്നല്ല. വേഗപരിധി നിശ്ചയിച്ചിട്ടുള്ളത് ഇതേ വേഗതയില്‍ വാഹനം ഓടിക്കുന്നതിനു വേണ്ടിയാണ്. വേഗം കുറഞ്ഞ് വാഹനം ഓടിക്കുന്നത് പിന്നാലെ വരുന്ന വാഹനങ്ങള്‍ക്ക് സുഗമമായി പോകുന്നതിന് വിഘാതമാകും.
മറ്റുവാഹനങ്ങള്‍ക്ക് വഴിനല്‍കാതെ യാത്രചെയ്യുന്ന ഡ്രൈവര്‍മാര്‍ക്ക് 400 ദിര്‍ഹം പിഴ ഒടുക്കേണ്ടിവരുമെന്ന് റാസല്‍ ഖൈമ ട്രാഫിക് ആന്‍ഡ് പട്രോള്‍സ് ഡിപ്പാര്‍ട്ട്‌മെന്റ് അറിയിച്ചു.
മറ്റുള്ളവര്‍ക്ക് സുഗമമായി വാഹനം ഓടിക്കുന്നതിനുള്ള അവകാശത്തിന് തടസ്സം നില്‍ക്കുന്നത് നിയമവിരുദ്ധമാണ്. പിന്നാലെ എത്തുന്ന വാഹനങ്ങള്‍ക്ക് തെറ്റായ ദിശയില്‍ ഓവര്‍ ടേക്ക് ചെയ്യുന്നതിന് ഇത് വഴിയൊരുക്കുകയും അപകടം വരുത്തിവെയ്ക്കുകയും ചെയ്യുമെന്ന് പോലീസ് മുന്നറിയിപ്പ് നല്‍കുന്നു.
സുരക്ഷിത അകലം പാലിക്കാതെ പിന്നാലെയെത്തുന്ന വാഹനങ്ങള്‍ മുന്നിലെ വാഹനങ്ങളെ ലെയിന്‍ മാറ്റാന്‍ പ്രേരിപ്പിക്കുകയും വലത്തെ ലെയിനിലേക്ക് ദിശമാറുന്നത് സൂചിപ്പിക്കുന്ന ലൈറ്റ് ഇടാതെയും വലത്തേ ലൈനിലൂടെ വരുന്ന വാഹനങ്ങള്‍ക്ക് മുന്നറിയിപ്പ് നല്‍കാതെ ദിശ മാറ്റുന്നതും വാഹനാപകടങ്ങള്‍ക്ക് കാരണമാകുന്നുണ്ടെന്നും പോലീസ് പറയുന്നു.
ഗതാഗതം സുഗമമായി പരിപാലിക്കേണ്ടത് ഓരോ ഡ്രൈവര്‍മാരുടേയും കടമയാണ്. നിശ്ചിത വേഗപരിധിയിലും വളരെ താഴെ വേഗതയില്‍ വാഹനം ഓടിക്കുന്നതും ഇതിനാല്‍ ശിക്ഷാര്‍ഹമാണെന്നും പോലീസ് പറഞ്ഞു.