മസ്‌കത്ത് : ഒമാന്‍ ലോയേഴ്‌സ് അസോസിയേഷന്‍ ഒരുക്കുന്ന ഫാക് കുര്‍ബ ക്യാംപെയ്നില്‍ ഇത്തവണ 1,088 തടവുകാര്‍ക്ക് മോചനം സാധ്യമാക്കിയതായി അധികൃതര്‍ വാര്‍ത്ത സമ്മേളനത്തില്‍ അറിയിച്ചു. എല്ലാ വര്‍ഷവും റമസാനോടനുബന്ധിച്ചാണ് ക്യാംപെയ്ന്‍ നടത്താറുള്ളത്. വരും വര്‍ഷങ്ങളില്‍ കൂടുതല്‍ വിപുലമായി ക്യാംപെയ്ൻ കൊണ്ടാടാനും കൂടുതല്‍ പേര്‍ക്ക് മോചനം സാധ്യമാക്കാനും ആഗ്രഹിക്കുന്നതായും അസോസിയേഷന്‍ ചെയര്‍മാന്‍ ഡോ. ഹമദ് ബിന്‍ ഹമദ് അല്‍ റുബാഇ പറഞ്ഞു.ഈ വര്‍ഷം മോചനം നേടിയവരില്‍ കൂടുതല്‍ വടക്കന്‍ ബാത്തിനയിലാണ്, 334 തടവുകാര്‍. മസ്‌കത്ത് (242), ദാഹിറ (65), ബുറൈമി (60), തെക്കന്‍ ശര്‍ഖിയ (67), തെക്കന്‍ ബാത്തിന (95), ദാഖിലിയ (102), വടക്കന്‍ ശര്‍ഖിയ (46), ദോഫാര്‍ (57), അല്‍ വുസ്ത (16) എന്നിങ്ങനെയാണ് വിവിധ ഗവര്‍ണറേറ്റുകളില്‍ നിന്നും മോചനം നേടിയവരുടെ എണ്ണം. ആയിരക്കണക്കിന് പേരെയാണ് കഴിഞ്ഞ കാലങ്ങളില്‍ ഉറ്റവരുടെ സ്‌നേഹ തണലിലേക്ക് മടക്കിയെത്തിക്കാന്‍ സാധിച്ചത്. പൊതുജനങ്ങളില്‍നിന്ന് പണം സ്വരൂപിച്ചാണ് ജയിലില്‍ കഴിയുന്നവരെ മോചിപ്പിക്കുന്നത്.
