ജനപ്രിയ ഡാറ്റ പ്ലാനുകളുടെയടക്കം വില വർദ്ധിപ്പിച്ചത് ജിയോയ്ക്ക് തിരിച്ചടിയായെന്ന് റിപ്പോർട്ടുകൾ. വില വർദ്ധനയ്ക്ക് ശേഷമുള്ള ഈ സാമ്പത്തിക വർഷത്തിലെ രണ്ടാം പദത്തിലെ കണക്കുകളെടുക്കുമ്പോൾ 1.90 കോടി ഉപഭോക്താക്കൾ ജിയോ ഉപേക്ഷിച്ചുവെന്നാണ് റിപ്പോർട്ടുകൾ
എന്നാൽ ഈ നഷ്ടം ഒരു വിഷയമേയല്ലെന്നാണ് കമ്പനി പറയുന്നത്. ഇത്തരത്തിൽ ഡാറ്റ പ്ലാനുകളുടെ നിരക്ക് വർധിക്കുമ്പോൾ കുറച്ച് ഉപഭോക്താക്കൾ സിം പോർട്ട് ചെയ്യുകയോ ഉപേക്ഷിക്കുകയോ ചെയ്യുന്നത് സ്വാഭാവികമാണെന്നും കമ്പനി പറയുന്നു. ഉപഭോക്താക്കളിൽ ഉണ്ടാകുന്ന ഏറ്റക്കുറച്ചിൽ തങ്ങൾ നിരീക്ഷിച്ചുവരികയാണെന്നും ഈ മാറ്റം കമ്പനിയുടെ ലാഭത്തെ ഒരുതരത്തിലും ബാധിക്കില്ലെന്നും ജിയോ അധികൃതർ ആത്മവിശ്വാസം പ്രകടിപ്പിച്ചു.
ഇത്തരത്തിൽ ഒരുഭാഗത്ത് കുറവുണ്ടാകുമ്പോൾ മറുഭാഗത്ത് 5ജിയിൽ ജിയോയ്ക്ക് ഉപഭോക്താക്കൾ അടിച്ചുകയറുകയാണ്. 17 മില്യൺ ആളുകൾ പുതിയതായി വരിക്കാരായതോടെ ജിയോ 5ജി സബ്‌സ്‌ക്രൈബേർസിന്റെ എണ്ണം മൊത്തം 147 കോടിയായി. ഇതോടെ നിലവിൽ 5ജി സേവനങ്ങൾ ഒന്നുകൂടി മികച്ചതാക്കാനുള്ള പരിശ്രമത്തിലാണ് തങ്ങളെന്നെണ് കമ്പനി അധികൃതരുടെ അവകാശവാദം.
നേരത്തെ ജൂലൈ ആദ്യവാരത്തിലാണ് ജിയോ തങ്ങളുടെ ഡാറ്റ പ്ലാനുകളുടെ നിരക്ക് വർധിപ്പിച്ചത്. ഏറ്റവും കൂടുതൽ പേർ ഉപയോഗിക്കുന്ന 28 ദിവസത്തിന്റെ 2ജിബി പ്ലാനിന്റെ നിരക്ക് 50 രൂപ വർധിപ്പിച്ച് 349 രൂപയാക്കിയിരുന്നു. ഇത്തരത്തിൽ 50 രൂപ മുതൽ 600 രൂപ വരെയാണ് പ്ലാനുകളിലെ നിരക്ക് വർദ്ധന