ഡല്‍ഹി : പ്രവാസി ഭാരതീയര്‍ക്കായി രാഷ്ട്രപതി നല്‍കി വരുന്ന പരമോന്നത പുരസ്‌കാരമായ പ്രവാസി ഭാരതീയ സമ്മാന്‍ ജേതാക്കളെ പ്രഖ്യാപിച്ചു. സാമൂഹിക സേവനം, വിദ്യാഭ്യാസം. ആതുരസേവനം, ശാസ്ത്ര സാങ്കേതിക മേഖല, ബിസിനസ്, രാഷ്ട്രീയം, ഐ.ടി ആന്‍ഡ് കണ്‍സള്‍റ്റിങ് തുടങ്ങിയ മേഖലയില്‍ മികവുതെളിയിച്ച 27 പ്രവാസി ഭാരതീയര്‍ക്കാണ് പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചിട്ടുള്ളത്.ഇന്ത്യയും വിദേശ രാജ്യങ്ങളും തമ്മില്‍ വിവിധ മേഖലകളിലുള്ള സഹകരണം ശക്തിപ്പെടുത്താന്‍ നല്‍കിയ സംഭാവനകള്‍ മാനിച്ചാണ് അംഗീകാരം. യു.എ.ഇയിലെ മലയാളി വ്യവസായി രാമകൃഷ്ണന്‍ ശിവസ്വാമി അയ്യര്‍, സൗദി അറേബ്യയിലെ സയ്യിദ് അന്‍വര്‍ ഖുര്‍ഷീദ് എന്നിവരാണ് ഗള്‍ഫ് മേഖലയില്‍ നിന്നും പുരസ്‌കാരത്തിന് അര്‍ഹരായത്. ദുബായ് ആസ്ഥാനമായ ട്രാന്‍സ് വേള്‍ഡ് ഗ്രൂപ്പ് ചെയര്‍മാനാണ് കൊല്ലം സ്വദേശിയായ രാമകൃഷ്ണന്‍ ശിവസ്വാമി അയ്യര്‍. മെഡിക്കല്‍രംഗത്തെ മികവ് പരിഗണിച്ചാണ് കര്‍ണാടക സ്വദേശി ഡോ. സയ്യിദ് അന്‍വര്‍ ഖുര്‍ഷിദിന് പുരസ്‌കാരം. ഈമാസം എട്ട് മുതല്‍ ഭുവനേശ്വറില്‍ നടക്കുന്ന പ്രവാസി ഭാരതീയ ദിവസില്‍ രാഷ്ട്രപതി പുരസ്‌കാരങ്ങള്‍ വിതരണം ചെയ്യും.
