ജിദ്ദ: 18ാമത് പ്രവാസി ഭാരതീയ ദിവസിൽ (പി.ബി.ഡി) ഗൾഫ് പ്രവാസികളുടെ വിവിധ പ്രശ്നങ്ങൾ ഉന്നയിച്ച് കേന്ദ്ര വിദേശ കാര്യ മന്ത്രി എസ്. ജയ്ശങ്കറിന് ഒ.ഐ.സി.സി സൗദി വെസ്റ്റേൺ റീജനൽ കമ്മിറ്റി മുൻ പ്രസിഡന്റും ലോകകേരള സഭ അംഗവുമായ കെ.ടി.എ. മുനീർ നിവേദനം നൽകി. ഇന്ത്യൻ നയതന്ത്ര കാര്യാലയങ്ങളിൽ വെൽഫെയർ കാര്യങ്ങളിലെ കാര്യക്ഷമത, ദമ്മാമിൽ ഇന്ത്യൻ കോൺസുലേറ്റ് സ്ഥാപിക്കൽ, വിമാനയാത്ര നിരക്കിലെ അമിത കൊള്ള അവസാനിപ്പിക്കാൻ റെഗുലേറ്ററി അതോറിറ്റി, വിവിധ സാങ്കേതിക വിഷയങ്ങളിൽ കുടുങ്ങിക്കിടക്കുന്ന പ്രവാസികളെ സഹായിക്കുന്നതിന് ലീഗൽ സെൽ തുടങ്ങിയവ നിവേദനത്തിൽ ആവശ്യപ്പെട്ടു.
പുനരധിവാസത്തിനും ക്ഷേമപ്രവർത്തനങ്ങൾക്കുമായി വിവിധ പദ്ധതികൾ, സാങ്കേതിക പരിജ്ഞാനം കൈവരിച്ച പ്രവാസികൾക്ക് ജോലിയിൽ സംവരണം, ഉന്നത വിദ്യാഭ്യസത്തിന് ഗൾഫ് രാജ്യങ്ങളിൽ ഇന്ത്യൻ യൂനിവേഴ്സിറ്റികളുടെ സാന്നിധ്യം ഉറപ്പുവരുത്തുന്ന വിധത്തിലുള്ള എൻ.ആർ.ഐ യൂനിവേഴ്സിറ്റി സ്ഥാപിക്കൽ, ആരോഗ്യ, സുരക്ഷ ഇൻഷുറൻസ് പദ്ധതികൾ നടപ്പാക്കൽ, പുതിയ കാലഘട്ടത്തിലെ ആവശ്യങ്ങൾ മനസ്സിലാക്കിയുള്ള ജോബ് മാപ്പിങ്ങും പരിശീലനവും, റിക്രൂട്ട്മെന്റ് നടപടികളിലെ ന്യൂനതകൾ പരിഹരിച്ച് തട്ടിപ്പുകൾ അവസാനിപ്പിക്കൽ, മെഡിക്കൽ ബിരുദങ്ങൾ ഉൾപ്പെടെ വിവിധ ഡിഗ്രികൾക്ക് സൗദിയിൽ അംഗീകാരം ലഭ്യമാക്കൽ, പ്രവാസി വോട്ടവകാശം തുടങ്ങിയ 16 ആവശ്യങ്ങളാണ് നിവേദനത്തിൽ ഉണ്ടായിരുന്നത്.
കാര്യങ്ങൾ അനുഭാവപൂർവം പരിഹരിക്കുന്നതിന് ശ്രമിക്കുമെന്ന് വിദേശകാര്യ മന്ത്രി പറഞ്ഞു. റിയാദിൽ നിന്നുള്ള പ്രവാസി ഭാരതീയ സമ്മാൻ അവാർഡ് ജേതാവ് ഡോ. സയ്ദ് അൻവർ ഖുർഷിദ്, പ്രമുഖ സാമൂഹിക പ്രവർത്തകൻ ശിഹാബ് കൊടുകാട്, റസാഖ് പൂക്കോട്ടുംപാടം (ഒ.ഐ.സി.സി ഗ്ലോബൽ കമ്മിറ്റി) തുടങ്ങിയവരും മുനീറിനൊപ്പം നിവേദക സംഘത്തിൽ ഉണ്ടായിരുന്നു. ഒഡിഷയിലെ ഭുവനേശ്വറിൽ നടന്ന പി.ബി.ഡിയിൽ ജിദ്ദയിൽ നിന്നുള്ള പ്രതിനിധിയായാണ് കെ.ടി.എ. മുനീർ പങ്കെടുത്തത്.











