2020 ല്‍ ദുബായി അറേബ്യന്‍ റാഞ്ചസിലെ വില്ലയിലാണ് ഇന്ത്യന്‍ ദമ്പതിമാര്‍ മോഷണശ്രമത്തിനിടെ കൊലചെയ്യപ്പെട്ടത്
ദുബായ്: ഇന്ത്യന്‍ പ്രവാസി ദമ്പതിമാരെ കൊലപ്പെടുത്തിയ കേസില്‍ പ്രതിക്ക് വധശിക്ഷ വിധിച്ചു. മോഷണ ശ്രമത്തിനിടെ ഹിരേണ്‍ ആദിയയേയും ഭാര്യ വിധിയേയും കൊലപ്പെടുത്തിയ കേസിലെ പ്രതിക്കാണ് ദുബായ് ക്രിമിനല്‍ കോടതി വധശിക്ഷ വിധിച്ചത്. ഇയാള്‍ പാക് പൗരനാണ്. 2020 ജൂണ്‍ 16 ന് രാത്രിയിലാണ് സംഭവം.
ഗുജറാത്ത് സ്വദേശികളായ ഇവര്‍ ഷാര്‍ജയില്‍ ബിസിനസ് നടത്തിവരികയായിരുന്നു. അറേബ്യന്‍ റാഞ്ചസിലെ മിറാഡറിലെ വില്ലയില്‍ മെയിന്റന്‍സ് ജോലിക്ക് വന്നപ്പോഴാണ് 26 കാരനായ പ്രതി പണവും ജ്വലറിയും അലമാരയില്‍ സൂക്ഷിച്ചത് കണ്ടത്. പിന്നീട് ഈ വില്ലയില്‍ രാത്രി മോഷണത്തിന് ശ്രമം നടത്തവെയാണ് ഉറങ്ങിക്കിടന്നവരെ കൊലപ്പെടുത്തിയത്.
സംഭവ ദിവസം ആറു മണിക്കൂറോളം ഇയാള്‍ വില്ലയില്‍ ഒളിച്ചിരുന്നുവെന്നും രാത്രി എല്ലാവരും കിടന്നുറങ്ങിയ നേരത്ത് താഴത്തെ നിലയിലെ ചില്ലു വാതില്‍ തുറന്ന് അകത്ത് കടക്കുകയും മോഷണം നടത്തുകയുമായിരുന്നു.

താഴത്തെ നിലയില്‍ നിന്നും പേഴ്‌സില്‍ നിന്നും പണം എടുത്ത ശേഷം മുകളിലത്തെ നിലയില്‍ എത്തുകയും ഹിരേണും ഭാര്യയും കിടന്നുറങ്ങിയ മുറിയില്‍ എത്തി സ്വര്‍ണാഭരണം തിരയുന്നതിനിടെ ശബ്ദം കേട്ട് ഇരുവരും ഉണരുകയായിരുന്നു.
തുടര്‍ന്ന് കൈയ്യില്‍ കരുതിയ കത്തി ഉപയോഗിച്ച് ഇരുവരേയും കിടക്കയില്‍ വെച്ച് തന്നെ കുത്തി കൊലപ്പെടുത്തുകയായിരുന്നു.
48 കാരനായ ഹിരേണിന്റെ തലയിലും നെഞ്ചത്തും വയറിലും ഇടത് തോളിലും പത്തോളം കുത്തുകളാണ് ഉണ്ടായിരുന്നതെന്ന് ഫോറന്‍സിക് റിപ്പോര്‍ട്ടുകളില്‍ പറയുന്നു. 40 കാരിയായ വിധിയുടെ ശരിരത്തില്‍ 14 കുത്തുകളാണ് ഉണ്ടായിരുന്നത്. തലയിലും കഴുത്തിലും നെഞ്ചിലും മുഖത്തും ചെവിയിലും വലത്തുകൈയിലുമാണ് കുത്തേറ്റത്.
ഉച്ചത്തിലുള്ള നിലവിളി കേട്ട് താഴെ കിടന്നുറങ്ങുകയായിരുന്ന പതിനെട്ടും പതിമൂന്നും വയസ്സുള്ള പെണ്‍മക്കള്‍ എഴുന്നേറ്റു വന്നു. ഇതോടെ പ്രതി മൂത്തമകളെ കഴുത്തില്‍ കുത്തി പരിക്കേല്‍പ്പിച്ചു. എന്നാല്‍, അക്രമിയില്‍ നിന്നും രക്ഷപ്പെടാന്‍
പെണ്‍കുട്ടി അതിശക്തമായി തൊഴിച്ചതിനെ തുടര്‍ന്ന് ഇയാള്‍ രക്ഷപ്പെട്ടോടുകയായിരുന്നു.
തുടര്‍ന്ന് മൂത്തമകള്‍ പോലീസിനെ വിവരം അറിയിച്ചു. തുടര്‍ന്ന് പിതാവിന്റെ സുഹൃത്തിനേയും. ഹിരേണിന്റെ സുഹൃത്തിനേയും രണ്ട് പെണ്‍മക്കളേയും കോടതി സാക്ഷി വിസ്താരം നടത്തിയിരുന്നു. പ്രതിയെ മൂത്തമകള്‍ തിരിച്ചറിഞ്ഞു.
കൊലപാതകത്തിനു ശേഷം മുങ്ങിയ പ്രതിയെ നാലു ദിവസത്തിനകം ഷാര്‍ജയില്‍ നിന്നും ദുബായ് പോലീസ് അറസ്റ്റു ചെയ്യുകയായിരുന്നു.
വില്ലയിലെ കിടപ്പു മുറിയിലെ ഭിത്തിയില്‍ രക്തപുരണ്ടം വിരലയടാളം ഉണ്ടായിരുന്നു. ഇതു കൂടാതെ രക്തത്തുള്ളി പടര്‍ന്ന മുഖം മൂടിയും ലഭിച്ചിരുന്നു. ഡിഎന്‍എ , ഫിംഗര്‍ പ്രിന്റ് ടെസ്റ്റിലൂടെയാണ് പ്രതി ഇയാള്‍ തന്നെയാണെന്ന് പോലീസ് ഉറപ്പിച്ചത്.
ചോദ്യം ചെയ്യലില്‍ കുറ്റ സമ്മതം നടത്തിയ പ്രതി കേസ് കോടതിയിലെത്തിയപ്പോള്‍ എല്ലാ കുറ്റവും നിഷേധിക്കുകയായിരുന്നു.
പാക്കിസ്ഥാനിലുള്ള അമ്മയുടെ ചികിത്സയ്ക്ക് പണം കണ്ടെത്താനാണ് മോഷണം നടത്തിയതെന്ന് ഇയാള്‍ പോലീസിനോട് പറഞ്ഞിരുന്നു.
മകളുടെ സാക്ഷി മോഴിയും മറ്റ് ശാസ്ത്രീയ തെളിവുകളും പ്രതിയെ തിരിച്ചറിയാന്‍ സഹായിച്ചു.
മുന്‍കൂര്‍ പദ്ധതിയിട്ട് നടത്തിയ മോഷണ ശ്രമവും ആക്രമിക്കാന്‍ പദ്ധതിയിട്ട് ആയുധവുമായി എത്തിയതും ഇയാളുടെ ക്രിമിനല്‍ സ്വഭാവം വെളിവാക്കുന്നതായി കോടതി കണ്ടെത്തി.
പ്രതിക്ക് മേല്‍ക്കോടതിയില്‍ അപ്പീല്‍ നല്‍കാന്‍ സാവകാശം നല്‍കിയിട്ടുണ്ട്. ഇരട്ടക്കൊലയും അതിക്രൂരമായ കൃത്യവുമാണ് പ്രതിക്ക് പരമാവധി ശിക്ഷ ലഭിക്കാനുണ്ടായ കാരണം. അപ്പീല്‍ തള്ളിയാല്‍ വധശിക്ഷ ഉടന്‍ നടപ്പിലാക്കും.











